ഓണ്‍ലൈന്‍ കാമുകനെത്തേടി ഇന്ത്യയിലെത്തിയ യുവതിയെ പാകിസ്ഥാനിലേക്ക് മടക്കിയയച്ചു
ഓണ്‍ലൈന്‍ ഗെയിമിലൂടെ ഇന്ത്യന്‍ യുവാവുമായി പ്രണയത്തിലായി കാമുകനെ വിവാഹം കഴിക്കുന്നതിനായി ഇന്ത്യയിലെത്തിയ 19 കാരിയായ പാകിസ്ഥാന്‍ പെണ്‍കുട്ടിയെ തിരിച്ചയച്ചു. ഞായറാഴ്ച അട്ടാരി ലാന്‍ഡ് ബോര്‍ഡര്‍ വഴിയാണ് പൊലീസ് പെണ്‍കുട്ടിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. സെപ്റ്റംബറിലാണ് ഇഖ്‌റ ഇന്ത്യയിലെത്തിയത്. മൊബൈല്‍ ഗെയിമായ ലുഡോ കളിച്ചാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 26കാരനുമായി പ്രണയത്തിലായത്. പിരിയാന്‍ വയ്യാതായതോടെ പെണ്‍കുട്ടി ഇന്ത്യയിലേക്ക് വരാമെന്നേറ്റു. വിസ ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടതോടെ നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് കടക്കാന്‍ യുവാവ് നിര്‍ദേശിച്ചു. തുടര്‍ന്ന് സെപ്റ്റംബര്‍ 19ന് പെണ്‍കുട്ടി ഇഖ്‌റ കാഠ്മണ്ഡുവിലെത്തി. കാഠ്മണ്ഡുവില്‍ വെച്ച് ഇരുവരും വിവാഹിതരായി ഒരാഴ്ചയോളം അവിടെ താമസിച്ചു. പിന്നീട് ബിഹാറിലെ സനോലി അതിര്‍ത്തി വഴി ഇന്ത്യയിലേ പ്രവേശിച്ചു.
ഇവിടെ നിന്ന് ഇരുവരും ബെംഗളൂരുവില്‍ എത്തി സ്ഥിരതാമസമാക്കി. ഹിന്ദു പേര് സ്വീകരിച്ചാണ് പെണ്‍കുട്ടി യുവാവിനൊപ്പം കഴിഞ്ഞത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാക്കി. എന്നാല്‍, പാകിസ്ഥാനിലെ ബന്ധുക്കളുമായി പെണ്‍കുട്ടി ഫോണില്‍ ബന്ധപ്പെട്ട് തുടങ്ങിയതോടെ പൊലീസിന്റെ നീരീക്ഷണത്തിലായി. അതോടൊപ്പം പെണ്‍കുട്ടി നമസ്‌കരിക്കുന്നത് കണ്ടതോടെ അയല്‍ക്കാരും പൊലീസിനെ വിവരമറിയിച്ചു.പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പാകിസ്ഥാനില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് ഒളിച്ചോടിയതാണെന്ന് മനസ്സിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്ക് നാട്ടിലേക്ക് പോകേണ്ടെന്നും കാമുകന്റെ കൂടെ ഇന്ത്യയില്‍ താമസിച്ചാല്‍ മതിയെന്നും പെണ്‍കുട്ടി പറഞ്ഞു എങ്കിലും നിയമത്തിനു മുന്നില്‍ പ്രണയം വിജയിച്ചില്ല തുടര്‍ന്ന് പെണ്‍കുട്ടിയെ തിരിച്ചയക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.