എസ്എംഎ രോഗാവസ്ഥയിലുള്ള നിര്‍വാണിന് സഹായ പ്രവാഹം ; 11 കോടി നല്‍കി അജ്ഞാതന്‍
എസ്എംഎ രോഗബാധിതനായ 16 മാസം പ്രായമുള്ള നിര്‍വാണിനായി സഹായ പ്രവാഹം. പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരാള്‍ 11 കോടിയാണ് നിര്‍വാണിന്റെ ചികിത്സക്കായി നല്‍കിയത്. വിദേശത്ത് നിന്നും ക്രൌഡ് ഫണ്ടിങ് വഴിയാണ് സഹായമെത്തിയത്. പതിനേഴര കോടി രൂപയാണ് അപൂര്‍വരോഗബാധിതനായ കുഞ്ഞിന്റെ ചികിത്സക്കായി വേണ്ടത്. ഇനി 80 ലക്ഷം കൂടി ലഭിച്ചാല്‍ കുഞ്ഞിന്റെ ചികിത്സ നടത്താം. വലിയൊരു തുക ഒരുമിച്ച് ലഭിച്ചതോടെ ഏറെ ആശ്വാസത്തിലാണ് നിര്‍വാണിന്റെ രക്ഷിതാക്കളായ സാരംഗും അതിഥിയും.
കഴിഞ്ഞ മാസമാണ് നിര്‍വാണിന് ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. രണ്ട് വയസ് പൂര്‍ത്തിയാവുന്നതിന് മുന്‍പ് മരുന്ന് നല്‍കിയാലാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാകൂ. അമേരിക്കയില്‍ നിന്ന് മരുന്നെത്തിക്കാന്‍ 17 കോടി രൂപയിലേറെയാണ് ചിലവ് വരിക. മെര്‍ച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായ സാരംഗിനും ഭാര്യ അതിഥിയ്ക്കും ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യമെടുത്താലും ഈ വലിയ തുക കണ്ടെത്താനാവില്ല. എണ്‍പത് ലക്ഷം രൂപ കൂടി ലഭിച്ചാല്‍ കുഞ്ഞിനായുള്ള മരുന്നെത്തിക്കാമെന്ന പ്രതീക്ഷയിലാണ് കുടുംബം.