കാന്താര 2ല്‍ രജിനികാന്തും ; സൂചന നല്‍കി ഋഷഭ് ഷെട്ടി
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറെ സംസാര വിഷയമായ സിനിമയാണ് കഴിഞ്ഞ വര്ഷം റിലീസ് ആയ കന്നഡ ചിത്രമായ കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച കന്നഡ ചിത്രത്തിന്റെ മൊഴിമാറ്റ പകര്‍പ്പുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. രാജ്യത്തെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സിനിമയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. കാന്താരയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്ന് ഋഷഭ് ഷെട്ടി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് ചൂട് പകര്‍ന്നിരിക്കുകയാണ് സംവിധായകന്‍. കാന്താര 2ല്‍ നടന്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഋഷഭ് ഷെട്ടി തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ബെംഗളൂരുവില്‍ നടന്ന ഒരു പരിപാടിയില്‍ കാന്താരയുടെ വിജയത്തെക്കുറിച്ച് നടന്‍ സംസാരിച്ചിരുന്നു.
സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളും പ്രാഥമിക ജോലികള്‍ നടന്നു വരികയാണെന്നും നിരവധി സര്‍പ്രൈസുകള്‍ ചിത്രത്തിലുണ്ടാകുമെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ രജിനികാന്തും ഭാഗമായേക്കുമോ എന്ന് നടനോട് ചോദിച്ചിരുന്നു. പുഞ്ചിരിയായിരുന്നു മറുപടി. റിഷഭ് ഷെട്ടിയുടെ പ്രതികരണം ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. കാന്താരയുടെ വിജയത്തിന് പിന്നാലെ രജിനിയെ ചെന്നൈയിലെ വീട്ടിലെത്തി ഋഷഭ് സന്ദര്‍ശിച്ചിരുന്നു. കൂടാതെ ചിത്രം കണ്ടതിന് ശേഷം കാന്താര ടീമിനെ പ്രശംസിച്ച് രജിനികാന്തും രംഗത്ത് എത്തിയിരുന്നു.