സുബി മരിച്ചത് വിവാഹിതയാകാന്‍ കൊതിച്ച മാസത്തില്‍ ; അടിയന്തര ചികിത്സയ്ക്ക് തടസമായത് അവയവധാന നൂലാമാലകള്‍ ; സുരേഷ് ഗോപി

സുബി സുരേഷിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമാ- വിനോദ ലോകം. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു സുബിയുടെ അന്ത്യം. ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് സുബി മടങ്ങിയത്. അവതാരക എന്ന നിലയിലാണ് സുബി മലയാളി പ്രേക്ഷകര്‍ക്കിടയിലെ ശ്രദ്ധേയയാകുന്നത്. മിമിക്രി സ്‌കിറ്റുകളിലൂടെയായിരുന്നു കലാരംഗത്തേക്ക് വരുന്നത്. സിനിമാലയിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടി. കുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സുബിയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിയത്. സ്റ്റേജ് ഷോകളില്‍ നല്ല രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്യുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അല്പം ഗൗരവക്കാരിയാണ് സുബി. അത് ജീവിത സാഹചര്യങ്ങളില്‍ നിന്നും കിട്ടിയതാണെന്ന് സുബി പറയാറുണ്ട്.

തന്റെ വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ‘അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്’- സുബി പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വിവാഹം ഉടനെ ഉണ്ടാകും സത്യമായും ഉണ്ടാകും എന്നൊക്കെ പരിപാടിയില്‍ താരം വ്യക്തമാക്കിയിരുന്നു. ‘എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ എന്റെ ഒപ്പം കൂടിയിട്ടുണ്ട് ഇപ്പോള്‍. പുള്ളിക്കാരന്‍ ഫെബ്രുവരിയില്‍ വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് നടക്കുന്നത്. ഏഴുപവന്റെ താലി മാല വരെ ബുക്ക് ചെയ്തിട്ടുണ്ട്’ – സുബി പറഞ്ഞു. എന്നാല്‍ വിവാഹിത ആകുവാന്‍ കൊതിച്ച അതെ മാസത്തില്‍ തന്നെ മരണം താരത്തിനെ കൂട്ടികൊണ്ടു പോവുകയായിരുന്നു.

ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം നര്‍മത്തോടെ കണ്ട നടിയായിരുന്നു സുബി സുരേഷ്. അത് എത്ര ഗൗരവമുള്ളതാണെങ്കിലും മറ്റുള്ളവരോട് പങ്കുവെക്കുമ്പോള്‍ തമാശയുടെ മേമ്പൊടി ചേര്‍ക്കും. എന്നാല്‍, തനിക്ക് പറയാനുള്ള കാര്യം കൃത്യമായി അവതരിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 10 ദിവസത്തോളം ആശുപത്രിയില്‍ കിടന്ന കാര്യവും സുബി പങ്കുവെച്ചത് തമാശ കലര്‍ത്തിയായിരുന്നു. ‘ഞാന്‍ ഒന്ന് വര്‍ക് ഷോപ്പില്‍ കയറി’ എന്ന് പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ചത്. ഇതിലൂടെ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സുബി ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട വിഡിയോയില്‍ അസുഖത്തെ കുറിച്ച് സുബി പറഞ്ഞത് ഇങ്ങനെയായിരുന്നു. ”എന്റെ കൈയിലിരിപ്പ് നല്ലതല്ലാത്തത് കൊണ്ടാണ് ‘വര്‍ക് ഷോപ്പില്‍’ ഒന്ന് കയറേണ്ടി വന്നത്. വേറെ ഒന്നുമല്ല, എനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകള്‍ കൃത്യമായി കഴിക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും ഇല്ല. അതുകൊണ്ട് എല്ലാം കൂടെ ഒരുമിച്ചുവന്ന് പത്ത് ദിവസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ?അന്ന് സുബി കുറിച്ച വാക്കുകള്‍ ആയിരുന്നു.

അതേസമയം സുബിയെ രക്ഷിക്കാന്‍ കഴിഞ്ഞ പത്ത് ദിവസത്തോളമായി പിന്നാലെ ആയിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്തതാണെങ്കിലും സുബിയെ രക്ഷിക്കണം എന്ന് ഉറച്ച് ഇതിന് പിന്നാലെയായിരുന്നു കഴിഞ്ഞ പത്ത് ദിവസമായി. ഇതുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തയ്യാറാക്കാനും മറ്റും എല്ലാവരും അത് ജില്ല കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെ എന്തിനും തയ്യാറായി ഇതിനൊപ്പം നിന്നു. അവയവ കച്ചവടം നടക്കുന്നതിനാല്‍ പലരും സംശയം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാല്‍ ദയ, കാരുണ്യം എന്നിവ തോന്നി ഒരാള്‍ കരള്‍ ദാനം ചെയ്താല്‍ പോലും സ്വീകരിക്കാന്‍ തടസ്സം ഉണ്ടാകുന്ന ഏറെ നൂലമാലകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന്‍ നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നത്.

ഇങ്ങനെയുള്ള കൃത്രിമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, ഏതെങ്കിലും ഡോണര്‍ സ്‌നേഹത്തോടെ കരള്‍ നല്‍കാന്‍ വന്നാല്‍, നിയമത്തിന്റെ നൂലാമാലകള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുക്ക് കുറച്ചുകൂടി എളുപ്പമായിരുന്നു. അല്ലെങ്കില്‍ കുടുംബത്തില്‍ നിന്ന് തന്നെ വരണം. പേപ്പറുകള്‍ എല്ലാം ഒപ്പിടാന്‍ ഹൈബി ഈഡനോട് അഭ്യര്‍ത്ഥിച്ചിരുന്നു. പാര്‍ലമെന്റ് കഴിഞ്ഞയുടന്‍ ഹൈബി ഇതിനായി കൊച്ചിയില്‍ എത്തി. പക്ഷെ ബാക്കി കാര്യങ്ങള്‍ സമയബന്ധിതമായി ലഭിച്ചില്ല. സമയബന്ധിതമായി ഒരു ഡോണറെ ലഭിച്ചിരുന്നെങ്കില്‍ സുബിയെ നമ്മുക്ക് രക്ഷിക്കാമായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.