അദാനിക്ക് വേണ്ടി വിക്കീപീഡിയ ലേഖനങ്ങള്‍ തിരുത്തി ; തിരുത്തിയവരുടെ കൂട്ടത്തില്‍ നമ്മുടെ ഭഗീരഥന്‍ പിള്ളയും
ഒരു മാസമായി വിപണിയില്‍ തുടരുന്ന തിരിച്ചടികള്‍ക്ക് പിന്നാലെ അദാനിക്ക് വീണ്ടും തിരിച്ചടിയായി ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയുടെ റിപ്പോര്‍ട്ട്. ചിലര്‍ പണം വാങ്ങി വിക്കിപീഡിയ ലേഖനങ്ങളില്‍ അദാനിക്കനുകൂലമായ തിരുത്തലുകള്‍ വരുത്തിയെന്നാണ് വിക്കിപീഡിയയുടെ റിപ്പോര്‍ട്ട്. 40ലധികം ലേഖകര്‍ ഇത്തരത്തില്‍ അദാനിക്കായി പിആര്‍ വര്‍ക്ക് നടത്തിയെന്നും വിക്കിപീഡിയയുടെ കീഴിലുള്ള ഓണ്‍ലൈന്‍ പത്രമായ ദി സൈന്‍പോസ്റ്റും വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ദി ലാര്‍ജസ്റ്റ് കോണ്‍ ഇന്‍ കോര്‍പ്പറേറ്റ് ഹിസ്റ്ററി?’ (കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാരന്‍?) എന്ന തലക്കെട്ടിലെ ലേഖനത്തിലാണ് അദാനിയ്‌ക്കെതിരായ വിവരങ്ങള്‍ ഉള്ളത്. ’40ലധികം എഡിറ്റര്‍മാര്‍ പണം വാങ്ങി അദാനി കുടുംബത്തിനും കുടുംബ വ്യവസായങ്ങള്‍ക്കും അനുകൂലമായി 9 ആര്‍ട്ടിക്കിളുകള്‍ ഉണ്ടാക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ട്. അവരില്‍ പലരും പല ആര്‍ട്ടിക്കിളുകളും തിരുത്തി നുണയും പക്ഷപാതപരമായ കാര്യങ്ങളും ചേര്‍ക്കുകയും ചെയ്തു. ഒരാള്‍ ഒരു കമ്പനിയുടെ ഐപി അഡ്രസ് ഉപയോഗിച്ച് അദാനി ഗ്രൂപ്പ് ആര്‍ട്ടിക്കിള്‍ സമ്പൂര്‍ണമായി തിരുത്തിയെഴുതി. ഇങ്ങനെ തിരുത്തിയവരില്‍ ഒരാള്‍ താന്‍ അദാനി ഗ്രൂപ്പിലെ ജോലിക്കാരനാണെന്ന് സമ്മതിച്ചു’- സൈന്‍പോസ്റ്റ് പറയുന്നു.
അദാനിയുടെ പേരിലുള്ള വിക്കിപീഡിയ ആര്‍ട്ടിക്കിള്‍ 25 വ്യാജ അക്കൗണ്ടുകള്‍ വഴി തിരുത്തി. അദാനി ഗ്രൂപ്പ് ആര്‍ട്ടിക്കിള്‍ തിരുത്തിയത് 22 വ്യാജ അക്കൗണ്ടുകളാണ് എന്നും ആര്‍ട്ടിക്കിള്‍ പറയുന്നു. അദാനി ഗ്രൂപ്പ്, ഗൗതം അദാനി, ഭാര്യയും അദാനി ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണുമായ പ്രീതി അദാനി, മകന്‍ കരണ്‍ അദാനി, കരണിന്റെ സഹോദരീപുത്രന്‍ പ്രണവ് അദാനി, അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്‌സ് എന്നീ ആര്‍ട്ടിക്കിളുകളൊക്കെ പലതവണ പല വ്യാജ അക്കൗണ്ടുകളും തിരുത്തി. അദാനി ഗ്രൂപ്പ് ആര്‍ട്ടിക്കിള്‍ തിരുത്തിയ വ്യാജ അക്കൗണ്ടുകളില്‍ ഒന്നിന്റെ പേര് ‘കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ള’ എന്നാണ്. എന്നാല്‍ താന്‍ അദാനിയുടെ അക്കൗണ്ട് തിരുത്തിയിട്ടില്ലെന്ന് ഭഗീരഥന്‍ പിള്ളയെന്ന അക്കൗണ്ടിന്റെ ഉടമ ട്വന്റിഫോറിനോട് പറഞ്ഞു.
‘ഞാനൊരു ബ്ലാസ്റ്റേഴ്സ് ഫാനാണ്. മഞ്ഞപ്പടയുടെ പേരില്‍ വിക്കിപീഡിയ വേണമെന്ന് ഉണ്ടായിരുന്നു. അങ്ങനെ വിക്കിപീഡിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്തു. മെല്ലെ മെല്ലെ വിക്കിപീഡിയയുടെ കാര്യങ്ങള്‍ പഠിച്ച് വന്നു. ഒരാള്‍ രണ്ട് അക്കൗണ്ട് ആഡ് ചെയ്യാന്‍ പാടില്ലെന്ന് വിക്കിപീഡിയയുടെ നിയമം ഉണ്ടായിരുന്നു. ഇതെനിക്കറിയില്ലായിരുന്നു. ഞാന്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നിരവധി സിനിമാ താരങ്ങളുടെ ഉള്‍പ്പെടെ ആര്‍ട്ടിക്കിളുകള്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഒന്നിലധികം അക്കൗണ്ടുകള്‍ ഉള്ളതുകൊണ്ട് എനിക്ക് ഒരു തവണ ബ്ലോക്ക് കിട്ടി. രണ്ട് വര്‍ഷം മുന്‍പ് ഒരിക്കല്‍ ഒരാള്‍ എന്നെ കോണ്ടാക്ട് ചെയ്തിട്ട് അദാനിയുടെ ആര്‍ട്ടിക്കിള്‍ ക്രിയേറ്റ് ചെയ്യാമോ എന്ന് ചോദിച്ചു. അതിന് പണവും നല്‍കി. അതല്ലാതെ എനിക്ക് അദാനിയുമായി ഒരു ബന്ധമില്ല. പക്ഷേ മുന്‍പ് അക്കൗണ്ടിന് ബ്ലോക്ക് കിട്ടിയതുകൊണ്ട് അദാനിയുടെ ആര്‍ട്ടിക്കിള്‍ തിരുത്തിയ അക്കൗണ്ടുകള്‍ക്ക് ബ്ലോക്ക് കിട്ടിയപ്പോള്‍ എനിക്കും ബ്ലോക്ക് കിട്ടി. നിലവിലെ വിവാദവുമായി ഒരു ബന്ധമില്ല’- ഭഗീരഥന്‍ പിള്ള അക്കൗണ്ടിന്റെ ഉടമ വ്യക്തമാക്കി.