ഫ്‌ലഷ് ടോയ്‌ലറ്റ് കണ്ടു പിടിച്ചത് ചൈനക്കാര്‍ ആണോ…? ചൈനയില്‍ 2,400 വര്‍ഷം പഴക്കമുള്ള ഫ്‌ലഷ് ടോയ്‌ലറ്റ് കണ്ടെത്തി
പുരാതന കാലത്ത് ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് ജീവിച്ചിരുന്നത് എന്ന് കരുതുന്ന തലമുറയാണ് ഇപ്പോള്‍ ഉള്ളത്. അന്നത്തെ കാലത്ത് കറണ്ടും മറ്റും ഇല്ലാത്തത് കൊണ്ട് അവര്‍ക്ക് യാതൊരു സുഖസൗകര്യങ്ങളും ഇല്ലായിരുന്നു എന്നാണ് ഇവരൊക്കെ കരുതുന്നത്. എന്നാല്‍ നമ്മുടെ പല വിചാരങ്ങളും സത്യമല്ല എന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അടുത്തിടെയാണ് ഇറാഖില്‍ നടന്ന ഒരു പുരാവസ്തു ഖനനത്തില്‍ പുരാതനകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ഫ്രിഡ്ജും ഓവനും കണ്ടെത്തിയെന്ന വാര്‍ത്ത വന്നത്. 5,000 വര്‍ഷം പഴക്കമുള്ളമുള്ളവയാണ് കണ്ടെത്തിയ ഫ്രിഡ്തും ഓവനും. അതിനിടെ ഇപ്പോളിതാ ചൈനയില്‍ നിന്നും പുരാതന കാലത്ത് ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്ന ഒരു ഫ്‌ലഷ് ടോയ്ലറ്റ് കണ്ടെത്തിയെന്ന വാര്‍ത്ത വന്നിരിക്കുകയാണ്. ചൈനയിലെ പുരാവസ്തു ഗവേഷകര്‍ 2,200 മുതല്‍ 2,400 വര്‍ഷം വരെ പഴക്കമുള്ള ഒരു ഫ്‌ലഷ് ടോയ്ലറ്റ് കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.
ആധുനിക ഫ്‌ലഷ് ടോയ്ലറ്റുകളുടെ കണ്ടുപിടുത്തം വിക്ടോറിയന്‍ കാലഘട്ടത്തിലെ ഇംഗ്ലണ്ടിലാണെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഈ നിരീക്ഷണത്തെ അട്ടിമറിക്കുന്നതാണ് പുതിയ കണ്ടുപിടുത്തം. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന ഫ്‌ലഷ് ടോയ്‌ലറ്റാണ് കണ്ടെത്തിയതെന്ന് ചൈനയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഈ ആഴ്ച ആദ്യമാണ് റിപ്പോര്‍ട്ട് ചെയ്തത്. യുയാങ് നഗരത്തിലെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ പുരാവസ്തു ഖനനത്തിനിടെയാണ് ഈ ഫ്‌ലഷ് ടോയ്‌ലറ്റ് കണ്ടെത്തിയത്. കൊട്ടാരത്തിലെ പുരാതനമായ രണ്ട് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ ഖനനത്തിനിടെയാണ് ചൈന അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലെ ഗവേഷകര്‍ ഫ്‌ലഷ് ടോയ്‌ലറ്റ് കണ്ടെത്തിയത്.
ചൈനയില്‍ കണ്ടെത്തിയ ആദ്യത്തെ ഫ്‌ലഷ് ടോയ്ലറ്റാണിത്. ഇത് കണ്ടെത്തിയപ്പോള്‍ ഉത്ഖനന സ്ഥലത്തുണ്ടായിരുന്ന എല്ലാവുരം ആശ്ചര്യപ്പെട്ടെന്നും ലിയു പറഞ്ഞു. ഫ്‌ലഷ് ടോയ്‌ലറ്റ് കണ്ടെത്തിയ പ്രദേശത്തെ മണ്ണ് വിശദപഠനത്തിന് അയക്കാനുള്ള തയ്യാറെടുപ്പിലാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍. ഇവിടുത്തെ മണ്ണിനെ കുറിച്ചുള്ള പഠനത്തിലൂടെ പുരാതന ചൈനീസ് ജനതയുടെ ഭക്ഷണരീതികളെക്കുറിച്ച് സൂചന ലഭിച്ചേക്കാമെന്ന് ഗവേഷകര്‍ കരുതുന്നു. കൊട്ടാരത്തില്‍ നടക്കുന്ന പുരാവസ്തു ഖനനം ആ കാലഘത്തിലെ രാജവംശങ്ങളുടെ തലസ്ഥാനങ്ങളുടെ വിന്യാസത്തെക്കുറിച്ചുള്ള പഠനത്തിന് വലിയ പ്രാധാന്യം നല്‍കുന്നതായി ഗവേഷകര്‍ അവകാശപ്പെട്ടു.
പരസ്പരം യുദ്ധം ചെയ്യുന്ന രാജ്യങ്ങളുടെ കാലഘട്ടം മുതല്‍ ഹാന്‍ രാജവംശത്തിന്റെ ആരംഭ കാലമായ 2,200 മുതല്‍ 2,400 വര്‍ഷം വരെ പഴക്കമുള്ളതാണ് ഈ പുരാതന ശൗചാലയമെന്ന് കരുതുന്നു. ഹാന്‍ സാമ്രാജ്യത്തിന്റെ കാലഘട്ടം പുരാതന ചൈനയുടെ സുവര്‍ണ്ണകാലഘട്ടമായി കരുതപ്പെടുന്നു. പല കാലങ്ങളിലായി മൂന്ന് തലസ്ഥാനങ്ങളിലൂടെ ഭരണം നടത്തിയ ഹാന്‍, ബിസി 206 മുതല്‍ എഡി 220 വരെ ചൈന ഭരിച്ചു. ആധുനിക കാലത്ത് ഉപയോഗിക്കുന്ന വാട്ടര്‍ ഡ്രെയിനേജ് സംവിധാനം കാരണം ടോയ്ലറ്റ് ‘വഞ്ചനാപരമായ രീതിയില്‍ വികസിച്ചെന്ന്’ പുരാതന ഉപകരണങ്ങളുടെ ഡിസൈന്‍ വിദഗ്ധനായ ഫാന്‍ മിംഗ്യാങ് പറയുന്നു. ഒരു ടോയ്ലറ്റ് പാത്രം, തകര്‍ന്ന മറ്റ് ഭാഗങ്ങള്‍, പുറത്തെ കുഴിയിലേക്ക് ഘടിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു പൈപ്പ് എന്നിവയാണ് കഴിഞ്ഞ വേനല്‍ക്കാലത്ത് കണ്ടെത്തിയത്. ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ നിന്ന് കണ്ടെത്തിയ കൊട്ടാരത്തിലെ ഉന്നത അംഗങ്ങള്‍ മാത്രമേ ഈ ‘ആഡംബര വസ്തു’ ഉപയോഗിച്ചിരുന്നുള്ളൂവെന്ന് ഉത്ഖനന സംഘത്തിലെ അംഗമായ ലിയു റൂയി പറഞ്ഞതായി ചൈന ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഓരോ തവണത്തെ ഉപയോഗം കഴിഞ്ഞതിന് പിന്നാലെ വേലക്കാര്‍ ടോയ്ലറ്റ് പാത്രത്തില്‍ വെള്ളം കൊണ്ട് പോയി ഒഴിക്കേണ്ടിയിരുന്നെന്നും ലിയു റൂയി കൂട്ടിച്ചേര്‍ത്തു.