അന്ന് മാളില്‍ വിലക്കി ; ഇന്ന് കൊച്ചിയിലെ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തില്‍ വിശിഷ്ടാതിഥിയായി ഷക്കീല

പഴയകാല നടി ഷക്കീലയെ കോഴിക്കോട് ഉള്ള ഒരു മാളില്‍ പരിപാടിക്ക് പങ്കെടുക്കുന്നതില്‍ നിന്നും മാള്‍ അധികൃതര്‍ വിലക്കി എന്നത് ഏറെ വിവാദമായ ഒരു വാര്‍ത്ത ആയിരുന്നു. സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തിയാണ് താരത്തിനെ വിലക്കിയത് എന്ന് പിന്നീട് മാള്‍ അധികൃതര്‍ വിശദീകരണം നല്‍കി എങ്കിലും അത് വിശ്വാസയോഗ്യമായിരുന്നില്ല. എന്നാലിപ്പോളിത കൊച്ചി വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വിശിഷ്ടാതിഥിയായി ഷക്കീല പങ്കെടുത്തു. തമിഴ്‌നാട്ടിലെ നിരവധി ശിവക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു എന്നും എന്നാല്‍ ഈയിടെ കേരളത്തിലെ ഒരു മാളില്‍ ( കോഴിക്കോട് , ഹൈലൈറ്റ് മാള്‍) തനിക്ക് പ്രവേശനാനുമതി നിഷേധിച്ചപ്പോള്‍ മാറ്റിനിര്‍ത്തപ്പെട്ട സംഭവത്തില്‍ വളരേയധികം വിഷമിച്ചിരുന്നു . എങ്കിലും ഇവിടെ തന്നെ വിശിഷ്ടാതിഥിയായി വിളിച്ചത് വളരെയധികം സന്തോഷം നല്‍കിയെന്നും ഇത് ഭഗവാന്‍ ശിവന്‍ നല്‍കിയ അനുഗ്രഹമായി കാണുന്നു എന്നുമാണ് ഷക്കീല അഭിപ്രായപ്പെട്ടത്.

ദൈവത്തിന് പല പദ്ധതികളാണ് ഉള്ളത്. അതെനിക്ക് ഇപ്പോള്‍ മനസിലായി. ആ മാളില്‍ ഇരുനൂറോ മുന്നൂറോ ആളുകളായിരിക്കും എന്നെ കാണാന്‍ വരുന്നത്. പക്ഷേ ഇവിടെ ആയിരക്കണക്കിന് കണ്ണുകളാണ് എന്നെ കാണുന്നത്. ഇത് ശിവഭഗവാന്‍ തനിക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്നതാണ്. എനിക്ക് വളരെ സന്തോഷം. അന്ന് എനിക്ക് അവസരം നിഷേധിക്കപ്പെട്ടത് നന്നായി. അതുകൊണ്ടാണ് നിങ്ങളെയെല്ലാം കാണാനായത്, കൈയടികള്‍ക്കിടെ ഷക്കീല പറഞ്ഞു. തമിഴ്‌നാട്ടിലെ ഒരുപാട് ശിവക്ഷേത്രങ്ങളില്‍ താന്‍ പോയിട്ടുള്ള കാര്യവും ഷക്കീല അനുസ്മരിച്ചു. വെണ്ണല ക്ഷേത്രത്തിലെ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു.ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ മാള്‍ അധികൃതരുടെ എതിര്‍പ്പ് മൂലം അണിയറക്കാര്‍ പരിപാടി ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു.