മൊബൈല്‍ അടിച്ചുമാറ്റിയ കള്ളനെ പത്ത് ദിവസത്തിനകം സിനിമാ സ്‌റ്റൈലില്‍ പിടികൂടി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരി
കള്ളത്തരം കാണിക്കുന്നത് ഇക്കാലത്തു പണ്ടത്തെ പോലെ അത്ര എളുപ്പമല്ല. എത്ര സമര്‍ത്ഥമായി മോഷണം മറ്റും നടത്തിയാലും പിടിക്കപ്പെടാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ നാട്ടിലുണ്ട്. അതുപോലെ മോഷണത്തിന് ഇരയാകുന്നവര്‍ക്ക് കുറച്ചു ബുദ്ധി കൂടി ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട.തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോടുള്ള ഒരു മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരി നല്ല ബുദ്ധിയുള്ള കൂട്ടത്തിലുള്ളതാണ് എന്ന് കള്ളന്‍ മനസിലാക്കിയത് പോലീസ് അയാളെ കയ്യോടെ പൊക്കിയപ്പോള്‍ ആണ്. കളളനെ യുവതി സിനിമാ സ്‌റ്റൈലില്‍ കീഴടക്കി പൊലീസില്‍ ഏല്‍പ്പിച്ചു. തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞയാളെയാണ് പത്ത് ദിവസത്തിനു ശേഷം യുവതി തന്നെ പിടികൂടി പൊലീസിന് കൈമാറിയത്. കൈതമുക്ക് പാല്‍ക്കുളങ്ങര സ്വദേശി അമീറിനെയാണ് (44) മംഗലപുരത്ത് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരിയായ വെട്ടുറോഡ് സ്വദേശിനി ബഹിജ പിടികൂടിയത്.
ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയാണ് ബഹിജ. ഈ മാസം എട്ടാം തീയതിയാണ് ഇവരുടെ മൊബൈല്‍ കടയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. മരുന്നു വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറിലെത്തിയ പ്രതി 12,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബഹിജ അന്നുതന്നെ മംഗലപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അമീര്‍ ആണ് മൊബൈല്‍ മോഷ്ടിച്ചതെന്ന് സി.സി.ടിവി ദൃശ്യം പരിശോധിച്ച് യുവതി മനസിലാക്കി. തുടര്‍ന്ന് ഈ ദൃശ്യവും പ്രതി അന്ന് വാങ്ങിയ മരുന്നിന്റെ പേരും പ്രദേശത്തെ മറ്റു മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കൈമാറി. ഇന്നലെ മറ്റൊരു മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയ പു്രതിയെ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്‍ തിരിച്ചറിയുകയായിരുന്നു. ഇവരാണ് ബഹിജയെ വിവരം അറിയിച്ചത്. തുടര്‍ന്ന് യുവതി മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ച്, പൊലീസിനെ കൂട്ടിയെത്തുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് സി.സി.ടിവി കാമറ ദൃശ്യം നോക്കി പ്രതിയെ തിരിച്ചറിഞ്ഞു. മോഷ്ടിച്ച ഫോണ്‍ ആറ്റിങ്ങലില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് 3000 രൂപയ്ക്ക് വിറ്റതായി അമീര്‍ പൊലീസിനോട് സമ്മതിച്ചു.