പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടയെ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ
അറസ്റ്റിനിടയില്‍ ഇടയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വനിതാ എസ്‌ഐ വെടിവെച്ചുവീഴ്ത്തി. ചെന്നൈയിലെ സ്ഥിരം കുറ്റവാളിയായ ബന്തു സൂര്യയ്ക്കാണ് വെടിയേറ്റത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ചെന്നൈയിലെ കൊന്നൂര്‍ ഹൈവേയില്‍ ബന്തു സൂര്യ, മറ്റു രണ്ടു പേര്‍ക്കൊപ്പം മദ്യപിച്ച് ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. വാഹനപരിശോധന നടത്തിയ അയ്‌നാവരം എസ്‌ഐ ശങ്കര്‍ ഇവരെ തടഞ്ഞു. പൊലീസിനെ വെട്ടിച്ചുകടന്ന പ്രതികളെ എസ്‌ഐയും സംഘവും പിന്തുടര്‍ന്നു.
തുടര്‍ന്ന് പ്രതിയും കൂട്ടാളികളും എസ്‌ഐ ശങ്കറിന്റെ തലയില്‍ ഇരുമ്പുകമ്പി കൊണ്ട് അടിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് അയ്‌നാവരം അസിസ്റ്റന്റ് എസ് ഐ മീനയുടെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വാഹന നമ്പര്‍ പിന്തുടര്‍ന്നുള്ള പരിശോധനയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്തു സൂര്യയെ വീട് വളഞ്ഞാണു പിടികൂടിയത്. സ്റ്റേഷനിലേക്ക് എത്തിക്കും വഴിയാണ് പൊലീസ് ഉദ്യോഗസ്ഥരെ ഇയാള്‍ ആക്രമിച്ചത്. മൂത്രമൊഴിക്കാന്‍ വാഹനം നിറുത്തിച്ച് പുറത്തിറങ്ങിയ ഇയാള്‍ സമീപത്തെ കടയില്‍നിന്ന് കത്തിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥരെ വെട്ടുകയായിരുന്നു. ഉടനെ എസ് ഐ മീന വെടിയുതിര്‍ത്തു. കാല്‍മുട്ടിനു വെടിയേറ്റ സൂര്യയെയും കൈയ്ക്കു വെട്ടേറ്റ 2 പൊലീസ് ഉദ്യോഗസ്ഥരെയും കില്‍പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.