ലോകബാങ്കിന്റെ തലപ്പത്തും ഇന്ത്യന്‍ വംശജന്‍ ; അജയ് ബംഗയെ നാമനിര്‍ദേശം ചെയ്തത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ഇന്ത്യന്‍ വംശജനായ അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് അജയ് ബംഗയെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. നിലവിലെ ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നുവെന്ന് അറിയിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. ട്രംപ് നിയമിച്ച ഡേവിഡ് മാല്‍പാസിന്റെ നേരത്തെയുള്ള സ്ഥാനമൊഴിയല്‍, സമ്പത്ത് കുറഞ്ഞ രാജ്യങ്ങളുടെ ക്ഷേമത്തിനായി സംഘടനയെ നയിക്കാന്‍ കഴിയുന്ന ഒരു പുതിയ നേതൃത്വവുമായി വരാനുള്ള അവസരമാണ് യുഎസിന് നല്‍കിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം കണക്കിലെടുത്താണ് യുഎസ് സര്‍ക്കാര്‍ അജയ് ബംഗയെ നാമനിര്‍ദ്ദേശം ചെയ്തത്. അവികസിത രാഷ്ട്രങ്ങളോട് ലോകബാങ്ക് ശത്രുത പുലര്‍ത്തുന്നതായി പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. അടുത്ത ലോകബാങ്ക് പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അജയ് ബംഗയെ അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സംഗിത റെഡ്ഡി അഭിനന്ദിച്ചു.

നിലവില്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്‌ലാന്റിക്കില്‍ വൈസ് ചെയര്‍മാനാണ് അജയ് ബംഗ. യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്‌ലാന്റിക്ക്, ഇവി ചാര്‍ജിംഗ് സൊല്യൂഷനുകള്‍, സൗരോര്‍ജ്ജം, സുസ്ഥിര കൃഷി എന്നിവയില്‍ 800 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുള്ളതായി അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. 12 വര്‍ഷത്തെ മാസ്റ്റര്‍കാര്‍ഡിലെ സേവനത്തിന് ശേഷം 2021 ഡിസംബറില്‍ അദ്ദേഹം വിരമിച്ചു. ബാങ്കില്ലാത്ത 500 ദശലക്ഷം ആളുകളെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലേക്ക് ചേര്‍ക്കാന്‍ അദ്ദേഹം സഹായിച്ചതായി അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോവിഡ് -19 മഹാമാരി സമയത്ത് ബാങ്കിലെ 19,000 ജീവനക്കാരുടെ പിരിച്ചുവിടല്‍ ഒഴിവാക്കി, കാലാവസ്ഥ, ലിംഗഭേദം, സുസ്ഥിര കൃഷി എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.