ആശങ്കകള്‍ക്ക് വിരാമം ; കോഴിക്കോട്-ദമാം എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി

മണിക്കൂറുകള്‍ നീണ്ട ആശങ്കള്‍ക്ക് വിരാമമിട്ടുകൊണ്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു ദമ്മാമിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (ഐഎക്‌സ്385) തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെയാണ് തകരാര്‍ കണ്ടെത്തിയ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന 182 പേരും സുരക്ഷിതരാണ്. 176 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കരിപ്പൂരില്‍ ടേക്കോഫിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഉരസിയതോടെ ഹൈഡ്രോളിക് തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇതോടെയാണ് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയത്. തിരുവനന്തപുരം വിമാനത്താവളം അതീവ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. വിമാനം അടിയന്തിരമായി ഇറക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ ഒഴിപ്പിച്ചിരുന്നു. വിമാനത്താവളത്തില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.വിമാനം ഇറക്കുമ്പോള്‍ അപകടസാധ്യത ഒഴിവാക്കാന്‍ ആകാശത്തുവെച്ച് ഇന്ധനത്തിന്റെ അളവ് കുറച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ 9.45ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോഴാണ് പിന്‍ഭാഗം റണ്‍വേയില്‍ ഉരസിയത്.ഏറെ നേരം കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും പറന്നിരുന്നു.

കോഴിക്കോട് വിമാനത്താവളത്തില്‍ തന്നെ ലാന്റ് ചെയ്യാന്‍ അനുമതിക്ക് ശ്രമിച്ചിരുന്നു. പിന്നീട് കൊച്ചിയിലോ തിരുവനന്തപുരത്തോ എന്ന് ആലോചിക്കുകയും സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. രാജ്യത്ത് സുരക്ഷിതമായി വിമാനം ലാന്റ് ചെയ്യാവുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം വിമാനത്താവളമുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഭാഗത്ത് എത്തിയതിന് ശേഷം ഇന്ധനം കളഞ്ഞാണ് വിമാനം നിലത്തിറക്കിയത്. അടിയന്തിര ലാന്റിംഗിന് കൃത്യമായ പ്രോട്ടോക്കോള്‍ ഉണ്ട്.

ഫയര്‍ ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കണം. മാത്രമല്ല, അടുത്തുള്ള ആശുപത്രികള്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് അടിയന്തിര സന്ദേശം നല്‍കണം. ഇത്തരം സംവിധാനങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കിയ ശേഷമാണ് ലാന്റ് ചെയ്തത്. യാത്രക്കാര്‍ സുരക്ഷിതരാണ്. ആരെയും ആശുപത്രിയിലക്ക് മാറ്റേണ്ട സാഹചര്യമുണ്ടായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.