കേരളത്തില്‍ കഴിഞ്ഞ ആറര വര്‍ഷത്തില്‍ 98,870 സ്ത്രീ പീഡനങ്ങള്‍ ; 2199 കൊലപാതകങ്ങള്‍ ; പോലീസുകാര്‍ പ്രതിയായ 251 സ്ത്രീ പീഡന കേസുകള്‍
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം സംസ്ഥാനത്ത് സ്ത്രീ പീഡന കേസുകളും, കൊലപാതകങ്ങളും കൂടുന്നു എന്ന് കണക്കുകള്‍. കഴിഞ്ഞ ആറര വര്‍ഷത്തില്‍ 98, 870 സ്ത്രീ പീഡനങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതില്‍ തന്നെ 251 കേസുകളില്‍ പൊലീസുകാരാണ് പ്രതികള്‍. 2199 കൊലപാതകങ്ങളും ഈ കാലയളവില്‍ സംസ്ഥാനത്ത് നടന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊലപാതകവും സ്ത്രീ പീഡന കേസുകളും ഉയര്‍ന്നു. 2021 ലും 22 ലും 355 കൊലപാതകങ്ങള്‍ വീതം സംസ്ഥാനത്ത് നടന്നു. 2021ല്‍ 16199 സ്ത്രീ പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2022 ആയതോടെ 18952 ആയി ഇത് ഉയര്‍ന്നു. 2022 ലെ സ്ത്രീ പീഡന കേസുകളില്‍ 58 ലും പൊലീസുകാരാണ് പ്രതികള്‍. വിവിധ ജില്ലകളിലായി 29 ഗുണ്ടാസംഘങ്ങളുണ്ട്.
ഓപ്പറേഷന് ആഗില്‍ ജനുവരി 31 വരെ 2030 കേസുകളിലായി 2172 പേര് അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യങ്ങള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. ഗുണ്ടകളെയും സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും സ്ഥിരം കുറ്റവാളികളെയും ലഹരിമാഫിയ സംഘങ്ങളെയും അമര്‍ച്ച ചെയ്യുന്നതിനായിരുന്നു ”ഓപ്പറേഷന് ആഗ്” പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഈ മാസം എട്ടു വരെ സംസ്ഥാനത്ത് 4085 സ്പെഷ്യല്‍ ഡ്രൈവുകള്‍ നടത്തുകയുണ്ടായി. വിവിധ കേസുകളില്‍ വാറണ്ടുള്ള 900 പ്രതികളെയും അറസ്റ്റ് ചെയ്തു. ഈ നടപടി തുടരുവാന്‍ സംസ്ഥാന പൊലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 30.01.2023 വരെ കാപ്പ നിയമ പ്രകാരം 339 പേരെയും എന്‍ ഡി പി എസ് പ്രകാരം 5 പേരെയും കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.