റെയില്‍വേ ട്രാക്കില്‍ ഷോര്‍ട്ട് വീഡിയോ ഷൂട്ട് ; യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു

ദില്ലിയിലെ കാന്തി നഗര്‍ ഫ്‌ലൈ ഓവറിനടുത്താണ് അപകടം നടന്നത്. റെയില്‍ വേ ട്രാക്കില്‍ നിന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ രണ്ടു യുവാക്കള്‍ ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വാന്‍ ശര്‍മ്മ(23), സെയില്‍സ് മാനായ മോനു(20)എന്നിവരാണ് മരിച്ചതെന്ന് ദില്ലി പൊലീസ് പറഞ്ഞു. ഫെബ്രുവരി 22നാണ് അപകടമുണ്ടായത്. ഇരുവരും റെയില്‍വേ ട്രാക്കില്‍ നിന്ന് ഷോര്‍ട്ട് ഫിലിം വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ട്രാക്കിലൂടെ വന്ന ട്രെയിന്‍ തട്ടിയാണ് ഇരുവരും മരിച്ചത്. വൈകുന്നേരം പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയില്‍വേയിലേക്ക് പൊലീസ് എത്തുകയായിരുന്നു.

യുവാക്കളുടെ മൃതദേഹം ജിടിബി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റുകയും ചെയ്തു. സ്ഥലത്തു നിന്ന് ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇരുവരും കാന്തി ന?ഗറില്‍ നിന്നുള്ളവരാണെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള അപകടങ്ങള്‍ വ്യാപകമായി വരികയാണ്. റെയില്‍വേ ട്രാക്കില്‍ നിന്ന് ഫോട്ടോയും വീഡിയോയും എടുക്കുകയും അതിനെ തുടര്‍ന്ന് അപകടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത് തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. അത്യന്തം അപകടം പിടിച്ച ഇത്തരത്തിലുള്ള സാഹസികമായ പ്രകടനങ്ങള്‍ മൂലം ട്രാക്കില്‍ പൊലിയുന്ന ജീവനുകള്‍ ഏറിവരികയാണ്. കൂടുതലും യുവാക്കള്‍ ആണ് ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നത്.