3500 വര്‍ഷം പഴക്കമുള്ള കരടിയുടെ ശവശരീരം കണ്ടെത്തി
മോസ്കോയില്‍ നിന്ന് 4,600 കിലോമീറ്റര്‍ അകലെയുള്ള ന്യൂ സൈബീരിയന്‍ ദ്വീപസമൂഹത്തിന്റെ ഭാഗമായ ബോള്‍ഷോയ് ലിയാകോവ്സ്കി ദ്വീപിലെ പെര്മാഫ്രോസ്റ്റിലാണ് 3500 വര്‍ഷം പഴക്കമുള്ള കരടിയുടെ ശരീരം കണ്ടെത്തിയത്. യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലാത്ത ശരീരം റെയിന്‍ഡിയര്‍ ഇടയന്മാരാണ് ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗവേഷകര്‍ എത്തി വിശദമായ പരിശോധന നടത്തി. പരിശോധനയിലാണ് 3500 വര്‍ഷത്തിലേറെ പഴക്കമുള്ള കരടിയുടെ ശവശരീരമാണ് ഇതെന്ന് കണ്ടെത്തിയത്.
യാകുത്സ്കിലെ നോര്‍ത്ത്-ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ ലസാരെവ് മാമോത്ത് മ്യൂസിയം ലബോറട്ടറിയിലെ ഗവേഷകര്‍ ആണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ കണ്ടത്തല്‍ ഏറെ കൗതുകകരമാണെന്നും തവിട്ട് നിറത്തിലുള്ള കരടിയെ ആണ് കണ്ടെത്തിയതെന്നും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മാക്സിം ചെപ്രസോവ് അറിയിച്ചു. ബോള്‍ഷോയ് എതറിക്കന് നദിക്ക് സമീപത്തായി കണ്ടെത്തിയതിനാല്‍ എതറിക്കന് ബ്രൗണ്‍ ബിയര്‍ എന്നാണ് ഇതിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. ഈ പ്രദേശത്തെ കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടാണ് കരടിയുടെ ശരീരത്തിന് ഇതുവരെയും യാതൊരുവിധ കേടുപാടും സംഭവിക്കാതിരുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.
പൂര്‍ണ്ണമായും തണുത്തുറഞ്ഞ നിലയിലായിരുന്നു ശരീരം. 1.55 മീറ്റര്‍ (5.09 അടി) ഉയരവും ഏകദേശം 78 കിലോഗ്രാം ഭാരവുമാണ് ഇതിനുള്ളത്. ഇത്തരത്തില്‍ ഒരു ജീവിയുടെ അവശിഷ്ടം തങ്ങള്‍ക്ക് കിട്ടുന്നത് ഇത് ആദ്യമാണെന്നും അതുകൊണ്ടുതന്നെ ആന്തരിക അവയവങ്ങളെ കുറിച്ചും തലച്ചോറിനെ കുറിച്ചുമുള്ള പഠനത്തില്‍ ഇത് നിര്‍ണായക പങ്കുവഹിക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ജനിതക പരിശോധനയില്‍ റഷ്യയില്‍ ഇപ്പോള്‍ കണ്ടുവരുന്ന കരടികളില്‍ ഇതിനു വലിയ മാറ്റമില്ലെന്ന് കണ്ടെത്തിയതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. മരണസമയത്ത് കരടിക്ക് രണ്ടോ മൂന്നോ വയസ്സ് പ്രായം ഉണ്ടായിരുന്നുവെന്നും നട്ടെല്ലിന്ന് ഏറ്റ പരിക്കാണ് മരണകാരണമായതെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. എന്നാല്‍ ഈ ദ്വീപില്‍ കരടി എങ്ങനെയാണ് എത്തിയത് എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഇതുവരെയും വന്നിട്ടില്ല.