എയര്‍ ഫ്രെഷ്‌നറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയെന്ന് വിദഗ്ധര്‍

എയര്‍ ഫ്രെഷനറുകള്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമെന്ന് പുതിയ റിപ്പോര്‍ട്ട്. സുഗന്ധത്തിനായി എയറോസോള്‍ ബോട്ടിലുകളോ, എണ്ണകളോ, സുഗന്ധമുള്ള മെഴുകുതിരിയോ, ജെല്ലോ ഒക്കെ ആയിരിക്കാം ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് മുറിക്കുളളില്‍ സുഗന്ധം പരത്തുന്നതിനൊപ്പം ചില വിഷവസ്തുക്കള്‍ വായുവില്‍ തങ്ങിനില്‍ക്കാനും കാരണമാകുന്നു എന്ന് പഠനം പറയുന്നു. സുഗന്ധം വായുവില്‍ തങ്ങിനില്‍ക്കുന്നതിന് ഇത്തരം ഉത്പന്നങ്ങളില്‍ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്.

‘ശുദ്ധമായ ഒന്നിന് മണമുണ്ടായിരിക്കില്ല, കാരണം സുഗന്ധം ഉണ്ടാക്കുന്നത് രാസവസ്തുക്കളാണ്’ കാര്‍നെഗീ മെലോണ്‍ യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസറായ റയാന്‍ സള്ളിവന്‍ പറയുന്നു. ഹോര്‍മോണ്‍ തകരാറുകള്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന രാസവസ്തുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഉല്‍പ്പന്നത്തിലെ രാസവസ്തുക്കളെ ആശ്രയിച്ചും ഇത് മണക്കുന്ന മനുഷ്യരുടെ ആരോഗ്യസ്ഥിതി അനുസരിച്ചും എയര്‍ ഫ്രെഷന്റിന്റെ ഫലങ്ങള്‍ വ്യത്യാസപ്പെടും. ആസ്ത്മ അല്ലെങ്കില്‍ അലര്‍ജിയുള്ള ആളുകള്‍ ഇത്തരം ഉല്‍പ്പന്നങ്ങളോട് കൂടുതല്‍ സെന്‍സിറ്റീവ് ആകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

കൂടാതെ ഉയര്‍ന്ന അളവിലുള്ള വോളറ്റൈല്‍ ജൈവ സംയുക്തങ്ങള്‍ ശ്വസിക്കുന്നത് മൈഗ്രെയ്ന്‍ തലവേദന, ആസ്ത്മ, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. കണ്ണ്, തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ ചൊറിച്ചില്‍, ഓക്കാനം എന്നിവക്കും കാരണമായേക്കാം. എയര്‍ ഫ്രെഷ്‌നറുകള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കാലക്രമേണ രൂക്ഷമാകുമെന്ന് സാന്‍ അന്റോണിയോയിലെ ടെക്സാസ് ഹെല്‍പ്പ് സയന്‍സ് സെന്ററിലെ ഫാമിലി, കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പിലെ പ്രൊഫസര്‍ ക്ലോഡിയ മില്ലര്‍ പറഞ്ഞു. എയര്‍ ഫ്രെഷ്‌നറുകളിലെ രാസവസ്തുക്കള്‍ക്ക് ആദ്യം മാസ്റ്റ് സെല്ലുകള്‍ എന്നറിയപ്പെടുന്ന രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കാന്‍ കഴിയും, ഇത് അലര്‍ജിക്ക് കാരണമാകുമെന്നും അവര്‍ പറഞ്ഞു. ഇത് ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതിലൂടെ മറ്റ് അസുഖങ്ങള്‍ക്കും കാരണമായേക്കാം.

മനുഷ്യന്റെ ഹോര്‍മോണ്‍ സംവിധാനത്തെ തടസ്സപ്പെടുത്തുന്ന എന്‍ഡോക്രൈന്‍ – രാസവസ്തുക്കള്‍, സുഗന്ധതൈലത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നും സള്ളിവന്‍ വ്യക്തമാക്കി. ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, ടോലുയിന്‍, എഥൈല്‍ബെന്‍സീന്‍, സൈലീന്‍സ് തുടങ്ങിയ വോളറ്റൈല്‍ ഓര്‍ഗാനിക് സംയുക്തങ്ങള്‍ (VOCs) ഉള്‍പ്പെടെ 100-ലധികം രാസവസ്തുക്കള്‍ എയര്‍ ഫ്രെഷനറുകള്‍ പുറപ്പെടുവിക്കുന്നു. അവയില്‍ ചിലത് വ്യത്യസ്ത തരത്തിലുള്ള കാന്‍സറിന് കാരണമായേക്കാം.ഈ രാസവസ്തുക്കള്‍ വായുവില്‍ സ്വാഭാവികമായി ഉണ്ടാകുന്ന സംയുക്തങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുകയും മുറിയ്ക്കുള്ളലെ വായുവിന്റെ ഗുണനിലവാരം മോശമാക്കുകയും ചെയ്യുമെന്ന് സള്ളിവന്‍ പറയുന്നു.