ഇസ്രയേല്‍ മലയാളികള്‍ക്ക് എംബസി മുന്നറിയിപ്പ് ; കൃഷി പഠിക്കാനെത്തി മുങ്ങിയ ബിജുവിനെ സഹായിക്കുന്നവര്‍ വലിയ വില കൊടുക്കേണ്ടി വരും
കേരള സര്‍ക്കാരിന്റെ ചിലവില്‍ നാട്ടില്‍ നിന്ന് കൃഷി പഠിക്കാനെത്തി കടന്നുകളഞ്ഞ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ കുഴപ്പുണ്ടാകില്ല. അല്ലെങ്കില്‍ ബിജു കുര്യനും സഹായിക്കുന്നവരും വലിയ വില നല്‍കേണ്ടി വരുമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ബിജു കുര്യന് ഇസ്രയേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി അറിയിച്ചു. ഇസ്രയേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് പോയ കര്‍ഷക സംഘത്തില്‍ നിന്ന് മുങ്ങിയ ബിജു കുര്യനെ 17ന് രാത്രിയിലാണ് കാണാതായത്. ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു.
വിസ കാലാവധി മേയില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ നാട്ടിലേക്ക് വന്നാല്‍ ഇസ്രായേല്‍ നിയമനടപടികള്‍ നേരിടേണ്ടി വരില്ല. വിസ കാലാവധി കഴിഞ്ഞും തുടരാനാണ് തീരുമാനമെങ്കില്‍ വലിയ അപകടമുണ്ടാക്കും. ബിജുവിനെ സംരക്ഷിക്കുന്നവരും പ്രത്യാഘാതം നേരിടുമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. ആസൂത്രണം ചെയ്താണ് ബിജു കുര്യന്‍ സംഘത്തില്‍ നിന്ന് മുങ്ങിയതെന്ന് സഹയാത്രികര്‍ പറയുന്നു. 10 വര്‍ഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളില്‍ കൃഷിഭൂമിയും ഉള്ള, 50 വയസ്സ് പൂര്‍ത്തിയാകാത്ത കര്‍ഷകരില്‍ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണ് ബിജുവിനെ സര്‍ക്കാര്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ബിജു കൃഷിക്കാരന്‍ അല്ല രാഷ്ട്രീയ പിടിപാട് വെച്ച് കയറിക്കൂടിയത് ആണ് എന്നും ആരോപണം ഉണ്ടായിരുന്നു. ബിജു മുങ്ങുമെന്ന് വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ബിജുവിനെ പറ്റിയുള്ള അന്വേഷണങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ കുടുബം തയ്യാറാകുന്നില്ല.