കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് കൊക്കോണിക്‌സ് പദ്ധതി പാളി
ഒന്നാം പിണറായി സര്‍ക്കാരിന്റെ വമ്പന്‍ നേട്ടമെന്ന നിലയില്‍ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവച്ച കൊക്കോണിക്‌സ് പദ്ധതി പാളി. പ്രതി വര്‍ഷം രണ്ട് ലക്ഷം ലാപ്‌ടോപുകളുടെ വില്‍പ്പന കണക്കാക്കി 2019 ല്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ ഇത് വരെ നിര്‍മ്മിച്ചത് 12636 ലാപ്‌ടോപ്പുകള്‍ മാത്രം. ഗുണനിലവാരത്തില്‍ തുടങ്ങി വില നിര്‍ണ്ണയത്തില്‍ വരെ പ്രശ്‌നം കണ്ടെത്തി. ഇതോടെ പദ്ധതി പുനസംഘടിപ്പിക്കാന്‍ വ്യവസായ വകുപ്പ് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ വ്യക്തത പോരെന്ന് രേഖപ്പെടുത്തി ചീഫ് സെക്രട്ടറി തിരിച്ചയച്ചു.
കേരളത്തിനിതാ സ്വന്തം ലാപ്‌ടോപ്പെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 ലാണ് കൊക്കോണിക്‌സ് പദ്ധതി പ്രഖ്യാപിച്ചത്. പതിവ് പോലെ മാസ്റ്റര്‍ ബ്രെയിന്‍ എം ശിവശങ്കറായിരുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പ്രതിവര്‍ഷം ആവശ്യമുള്ള ഒരുലക്ഷം കമ്പ്യൂട്ടറുകളും ഒപ്പം പൊതുവിപണിയും ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്. വര്‍ഷം രണ്ടു ലക്ഷം ലാപ്‌ടോപ്പെങ്കിലും വില്‍ക്കാനായിരുന്നു പദ്ധതി. യുഎസ്ടി ഗ്ലോബല്‍ എന്ന വന്‍കിട ഐടി കമ്പനിയുമായി സഹകരിച്ചാണ് കൊക്കോണിക്‌സ് വിഭാവനം ചെയ്തത്. മണ്‍വിളയില്‍ സര്‍ക്കാരിന്റെ രണ്ടര ഏക്കര്‍ പാട്ടത്തിന് നല്‍കി. കടമെടുത്ത മൂന്നര കോടി കൊണ്ട് കെട്ടിടം പുതുക്കി.
യുഎസ്ടിക്ക് 49 ഉം സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആക്‌സലറോണിന് 2 ശതമാനവും ഓഹരി നല്‍കിയതോടെ 51 ശതമാനം ഓഹരി സ്വകാര്യ മേഖലക്കായിരുന്നു. മെമ്മറിയും, പ്രോസസ്സറും അടക്കം 60 ശതമാനം ഘടകങ്ങള്‍ ഇറക്കുമതി ചെയ്താണ് കോക്കോണിക്‌സ് നിര്‍മ്മാണം തുടങ്ങിയത്.നിര്‍മ്മാണത്തിലും വിതരണത്തിലും പ്രതീക്ഷകളുടെ ഏഴയലത്തു പോലും എത്താന്‍ പദ്ധതിക്കായില്ല. കെല്‍ട്രോണിനും കെഎസ്‌ഐഡിസിക്കും തുല്യ ഓഹരി പങ്കാളിത്തം നല്‍കി ഈ പദ്ധതി പനസംഘടിപ്പിക്കാനാണ് വ്യവസായ വകുപ്പിന്റെ ശുപാര്‍ശ. ആസ്തി ബാധ്യത വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഫയല്‍ മടക്കി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ലാപ്‌ടോപ് നിര്‍മ്മിച്ച് വിപണി കീഴടക്കാനിറങ്ങിയത്. വന്‍കിട പദ്ധതി വേണ്ടത്ര ആസൂത്രണമില്ലാതെ പ്രഖ്യാപിച്ച് കൈ പൊള്ളിയ അനുഭവങ്ങളുടെ കൂട്ടത്തിലാണ് കൊക്കോണിക് ഇപ്പോള്‍.
കുറഞ്ഞ ചെലവില്‍ കുട്ടികള്‍ക്ക് ലാപ് ടോപ് നല്‍കുന്നതിന് വിദ്യാകിരണം അടക്കം പദ്ധതികളുണ്ടാക്കി. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ കൊക്കോണിക്‌സ് വാങ്ങണമെന്ന് ചട്ടം കെട്ടി. നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് ഇതുവരെ നിര്‍മ്മിച്ചത് 12,636 ലാപ്‌ടോപ്പുകള്‍ മാത്രമാണ്. അതില്‍ തന്നെ 2300 എണ്ണത്തിന് തകരാറും കണ്ടെത്തി. ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ വില്‍പ്പനക്ക് വച്ചെങ്കിലും വന്‍തോതില്‍ വില കുറച്ച് മറ്റ് ബ്രാന്റുകള്‍ മത്സരിക്കാനെത്തിയത് തിരിച്ചടി. വന്‍കിട കമ്പനികളുടെ വിപണന തന്ത്രത്തിന് മുന്നില്‍ കൊക്കോണികിസിന് കാലിടറി. ഒപ്പം ഗുണനിലവാര പ്രശ്‌നങ്ങളും കൂടിയായപ്പോള്‍ പൂര്‍ണ്ണമായും നിലതെറ്റി. ബിസിനസ് മോഡലില്‍ ആസൂത്രണമുണ്ടായില്ലെന്ന് വ്യവസായ മന്ത്രിയും സമ്മതിക്കുന്നു.