ലോകത്ത് ഗര്‍ഭകാലത്തും പ്രസവസമയത്തുമായി ഓരോ 2 മിനിറ്റിലും ഒരു സ്ത്രീ വീതം മരിക്കുന്നതായി യുഎന്‍
ലോകത്ത് ഗര്‍ഭകാലത്തും പ്രസവസമയത്തുമായി ഓരോ 2 മിനിറ്റിലും ഒരു സ്ത്രീ വീതം മരിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. നൈജീരിയയിലാണ് ഏറ്റവും കൂടുതല്‍ മാതൃമരണങ്ങള്‍ ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയയ്ക്ക് തൊട്ടുപിന്നാലെ ആഗോള മാതൃ മരണങ്ങളില്‍ 8.3 ശതമാനവും ഇന്ത്യയിലാണ്. മറ്റ് മൂന്ന് രാജ്യങ്ങളിലും 2020-ല്‍ 10,000-ത്തിലധികം മാതൃമരണങ്ങള്‍ ഉണ്ടായി. ഇന്ത്യ (24,000), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (22,000), എത്യോപ്യ (10,000) – ആഗോള മാതൃമരണങ്ങളുടെ യഥാക്രമം 8.3 ശതമാനം, 7.5 ശതമാനം, 3.6 ശതമാനമാണ്. മുമ്പത്തെ കണക്കുകളില്‍ നൈജീരിയയിലും ഇന്ത്യയിലുമാണ് ഏറ്റവും കൂടുതല്‍ മാതൃമരണങ്ങള്‍ ഉണ്ടായതെന്ന് വ്യക്തമാക്കുന്നു.
കഠിനമായ രക്തസ്രാവം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഗര്‍ഭധാരണ സംബന്ധിയായ അണുബാധകള്‍, സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍, എച്ച്‌ഐവി/എയ്ഡ്‌സ്, മലേറിയ എന്നിവ മാതൃമരണങ്ങളുടെ പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാതൃമരണങ്ങളുടെ എല്ലാ പ്രധാന കാരണങ്ങളും ഉയര്‍ന്ന നിലവാരമുള്ളതും ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനത്തിലൂടെ വലിയതോതില്‍ തടയാവുന്നതും ചികിത്സിക്കാവുന്നതുമാണ്.
‘ ഗര്‍ഭകാലം എല്ലാ സ്ത്രീകള്‍ക്കും വലിയ പ്രതീക്ഷയും നല്ല അനുഭവവുമാകുമെങ്കിലും ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭിക്കാത്ത ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇത് ഞെട്ടിപ്പിക്കുന്ന അപകടകരമായ അനുഭവമാണ്…’ – ലോകാരോഗ്യ സംഘടനയുടെ ജനറല്‍ ഡയറക്ടര്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. അതേസമയം ലോകാരോഗ്യ സംഘടനയുടെയും മറ്റ് യുഎന്‍ ഏജന്‍സികളുടെയും റിപ്പോര്‍ട്ട് പ്രകാരം 20 വര്‍ഷ കാലയളവില്‍ മാതൃമരണ നിരക്ക് 34.3 ശതമാനം കുറഞ്ഞതായി ചൂണ്ടിക്കാട്ടുന്നു. യുഎന്‍ ഏജന്‍സികള്‍ പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് മാതൃമരണങ്ങള്‍ കുറയ്ക്കുന്നതിനുള്ള ആഗോള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ലോകം ഗണ്യമായി പുരോഗതി ത്വരിതപ്പെടുത്തണമെന്നും അല്ലെങ്കില്‍ 2030 ഓടെ ഒരു ദശലക്ഷത്തിലധികം സ്ത്രീകളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും സൂചിപ്പിക്കുന്നു.