67 ലക്ഷം ജീവനെടുത്ത കൊറോണ വൈറസ് ചോര്‍ന്നത് എവിടെ നിന്ന്…? അമേരിക്കന്‍ രഹസ്യരേഖ പുറത്ത്
കൊവിഡിന്റെ ഭീതിയില്‍ നിന്ന് മനുഷ്യന്‍ ഇന്നും പൂര്‍ണമായി പുറത്തുകടന്നിട്ടില്ല. പല രാജ്യങ്ങളിലും ഇപ്പോഴും കൊവിഡ് മരണങ്ങള്‍ നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറക്കുറെ 67 ലക്ഷം മനുഷ്യരെയാണ് കൊവിഡ് കൊന്നൊടുക്കിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. എവിടുന്നാണ് ഈ വൈറസ് പുറത്തുവന്നത് എന്ന ചോദ്യം കൊവിഡിന്റെ തുടക്കകാലം മുതല്‍ തന്നെയുള്ളതാണ്. അമേരിക്കയടക്കമുള്ള വിവിധ ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ചൈനയ്‌ക്കെതിരെയാണ് വിരല്‍ചൂണ്ടിയിട്ടുള്ളത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ് ബി ഐ പലപ്പോഴും ചൈനയില്‍ നിന്നാണ് കൊവിഡ് രോഗാണു പുറത്തുവന്നതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
എന്നാല്‍ അന്നെല്ലാം അമേരിക്കന്‍ ഊര്‍ജ വകുപ്പ് ഈ അഭിപ്രായം അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോര്‍ട്ട് വൈറസ് ചൈനയുടെ പരീക്ഷണശാലയില്‍ നിന്ന് അബദ്ധത്തില്‍ പുറത്തുവന്നതാകാമെന്നാണ് അമേരിക്കയുടെ രഹസ്യ രേഖ എന്നതാണ്. അമേരിക്കന്‍ ഊര്‍ജ വകുപ്പിന്റെ രഹസ്യ രേഖയിലാണ് ഈ നിഗമനം. അമേരിക്കന്‍ മാധ്യമമായ ദി വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് രേഖയുടെ ഉള്ളടക്കം പുറത്തുവിട്ടത്. ലഭ്യമായ നിരവധി ശാസ്ത്രീയ വിവരങ്ങള്‍ വിശകലനം ചെയ്തും ഗവേഷണം നടത്തിയും ഊര്‍ജ വകുപ്പ് എത്തിച്ചേര്‍ന്ന നിഗമനം അതിപ്രധാനമാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ് ബി ഐ നേരത്തെതന്നെ ഇതേ നിഗമനം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ അന്ന് ഊര്‍ജ വകുപ്പ് അതിനോട് യോജിച്ചില്ല. ഇപ്പോള്‍ കൂടുതല്‍ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഊര്‍ജവകുപ്പ് എഫ് ബി ഐയുടെ നിഗമനത്തോട് യോജിക്കുകയാണെന്നാണ് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പറയുന്നത്.