സ്വപ്നയുമായുള്ള അശ്ളീല ചാറ്റ് പുറത്ത് ; സി.എം രവീന്ദ്രനെ നാളെ ഇ.ഡി ചോദ്യം ചെയ്യും

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായുള്ള മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ അശ്ളീല വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്തു .അതേസമയം രവീന്ദ്രനെ തിങ്കളാഴ്ച ഇ.ഡി ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി നടത്തിപ്പില്‍ വന്‍ തുക കമ്മീഷന്‍ ഇനത്തില്‍ നഷ്ടപ്പെട്ട കേസിലാണ് സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷുമായുള്ള സ്വകാര്യ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍. സി.എം രവീന്ദ്രന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് മുന്നോടിയായി പുറത്തുവന്ന സ്വകാര്യ സന്ദേശങ്ങളാണ് ഇപ്പോള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നത്. രാത്രി വൈകി അശ്ലീലച്ചുവയുള്ള സന്ദേശങ്ങളാണ് രവീന്ദ്രന്‍ സ്വപ്നയ്ക്ക് അയച്ചത്. രവീന്ദ്രന്റെ നിലവിട്ട സന്ദേശങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലായിരുന്നില്ല സ്വപ്നയുടെ മറുപടികള്‍.

സി. എം രവീന്ദ്രന്‍ ആദ്യത്തെ തവണ ചോദ്യം ചെയ്യലിന് ഹാജരായത് നാലു തവണ നോട്ടീസ് അയച്ചശേഷമാണ്. എന്നാല്‍ ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയുമായി മുന്നോട്ടുപോകാനാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ചോദ്യംചെയ്യല്‍ മാറ്റിവെക്കണമെന്ന് ഇതുവരെ സി.എം രവീന്ദ്രന്‍ ആവശ്യം ഉന്നയിച്ചിട്ടില്ല. ദുബായിലെ റെഡ് ക്രസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ നഷ്ടപ്പെട്ടെന്നാണ് ലൈഫ് മിഷന്‍ കോഴക്കേസ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സ്വപ്നയും സി. എം രവീന്ദ്രനും തമ്മില്‍ ആശയവിനിമയം നടന്നിരുന്നതായാണ് ഇപ്പോള്‍ പുറത്തുവന്ന സ്വകാര്യ സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഉള്‍പ്പെടുന്ന ചാറ്റുകളാണിതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.