ഇന്‍സ്റ്റാഗ്രാം ഉപേക്ഷിച്ചു ഏറ്റവും പ്രായം കുറഞ്ഞ ബി ടി എസ് താരം ; ഇനി ഒരിക്കലും ഇന്‍സ്റ്റയിലോട്ടു ഇല്ല എന്നും താരം
ലോകത്തു യുവാക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യത ഉള്ള ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമാണ് ഇന്‍സ്റ്റാഗ്രാം. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ കീഴിലാണ് എങ്കിലും നിലവില്‍ ഫേസ്ബുക്കിനേക്കാള്‍ ആള് കൂടുതല്‍ ഇന്‍സ്റ്റയിലാണ്. സെലിബ്രറ്റികള്‍ കൂടുതലും ഇപ്പോള്‍ ആരാധകരുമായി സംവദിക്കാന്‍ ഉപയോഗിക്കുന്ന ഇടവും ഇന്‍സ്റ്റ ആണ്. എന്നാല്‍ താനിന്നി ഇന്‍സ്റ്റാ ഉപയോഗിക്കില്ല എന്ന് തീര്‍ത്തു പറഞ്ഞിരിക്കുകയാണ് ലോക പ്രശസ്ത ബാന്‍ഡ് ആയ ബി ടി എസിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ജങ്കൂക്കി. ട്വിറ്ററിലൂടെയാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.താന്‍ ഇന്‍സ്റ്റഗ്രാം ഉപേക്ഷിക്കുകയാണെന്നും ഫോണില്‍ നിന്ന് ആപ് ഡിലീറ്റ് ചെയ്‌തെന്നുമാണ് ട്വിറ്ററിലൂടെ താരം അറിയിച്ചത്.
അടുത്തിടെയാണ് ബിടിഎസ് താരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യക്തിഗത അക്കൗണ്ടുകള്‍ ആരംഭിച്ചത്. ആര്‍എം, സുഗ, ജിമിന്‍, ജെ-ഹോപ്പ്, ജിന്‍, വി, ജങ്കൂക്ക് എന്നീ ഏഴ് പേരേയും മത്സരിച്ച് ആര്‍മി എന്നു വിളിക്കുന്ന ആരാധകര്‍ ഫോളോ ചെയ്യുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയെന്ന റെക്കോര്‍ഡും ബിടിഎസ് അംഗങ്ങള്‍ നേടി. ഇതിനു മുമ്പും ഇതുപോലെ ആരാധകരെ ഞെട്ടിക്കുന്ന ചില കാര്യങ്ങള്‍ ജങ്കൂക്ക് ഇന്‍സ്റ്റഗ്രാമില്‍ ചെയ്തിരുന്നു. തന്റെ എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തായിരുന്നു മുമ്പ് താരം അമ്പരപ്പിച്ചത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൂടുതല്‍ മനോഹരമാക്കാനായി ആദ്യം മുതല്‍ പോസ്റ്റുകള്‍ ഇട്ടു തുടങ്ങുകയായിരുന്നു ജങ്കൂക്ക്.
എന്തെങ്കിലും മാനസിക സമ്മര്‍ദ്ദം മൂലമാണോ താരം ഇന്‍സ്റ്റ ഉപേക്ഷിച്ചത് എന്നായിരുന്നു ബി ടി എസ് ആര്‍മിക്ക് അറിയേണ്ടിയിരുന്നത്. ഇതിനും താരം വിശദീകരണം നല്‍കിയിട്ടുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ലെന്നാണ് താരം പറയുന്നത്. താന്‍ ഇന്‍സ്റ്റഗ്രാം അധികം ഉപയോഗിക്കാറില്ലെന്നും അതിനാല്‍ ആപ് ഡിലീറ്റ് ചെയ്‌തെന്നുമാണ് താരം നല്‍കിയ വിശദീകരണം. അധികം ഉപയോഗിക്കാത്ത ആപ് ഉപേക്ഷിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്നും തമാശയോടെ അദ്ദേഹം ചോദിക്കുന്നു. ഇനി ഒരിക്കലും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാന്‍ സാധ്യതയില്ലെന്നും താരം വ്യക്തമാക്കി. ആര്‍മിയുമായി താരങ്ങള്‍ സ്ഥിരമായി സംവദിക്കുന്ന വീവേര്‍സ് എന്ന ആപ്പില്‍ സജീവമായിരിക്കുമെന്നും അതില്‍ പറ്റുന്ന സമയത്തെല്ലാം ലൈവില്‍ വരാമെന്നും വിശേഷങ്ങള്‍ പങ്കുവെക്കാമെന്നും ജങ്കൂക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. 50 മില്യണിലധികം ഫോളോവേഴ്‌സായിരുന്നു ജങ്കൂക്കിന് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നത്. അതേസമയം നിര്‍ബന്ധിത സൈനിക സേവന പാതയിലാണ് ബാന്‍ഡിലെ പല മുതിര്‍ന്ന താരങ്ങളും ഇപ്പോള്‍.