സര്‍ക്കാരിന് തിരിച്ചടി ; ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനും രാജിവച്ചു

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനും ക്യാബിനറ്റില്‍ നിന്ന് രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അംഗീകരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റ് റദ്ദാക്കണമെന്ന സിസോദിയയുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് രാജി. കള്ളപ്പണം വെളുപ്പിച്ച കേസില്‍ കഴിഞ്ഞ മെയ് മാസത്തിലാണ് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനെ ഇഡി അറസ്റ്റ് ചെയ്തത്.

മദ്യനയ അഴിമതിക്കേസിലെ അറസ്റ്റില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. സിബിഐ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് മനീഷ് സിസോദിയ ഹര്‍ജിയില്‍ ആരോപിച്ചത്. കേസ് ഇന്ന് വൈകിട്ട് കോടതി കേട്ടു. എന്നാല്‍ നിലവില്‍ സുപ്രീംകോടതി നേരിട്ട് ഇടപെടല്‍ നടത്തേണ്ട സാഹചര്യമില്ലെന്ന ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നേരത്തെ കോടതി അടിയന്തരമായി ഇടപെട്ടത് മാധ്യമപ്രവര്‍ത്തകരും ഭരണകൂടവും തമ്മിലുള്ള കേസുകളിലായിരുന്നു. ആ പ്രത്യേക സാഹചര്യം ഇവിടെ ഇല്ല. ഡല്‍ഹിയില്‍ നടന്ന സംഭവം എന്ന നിലയില്‍ എല്ലാം നേരിട്ട് സുപ്രീംകോടതിയിലേക്ക് എത്തേണ്ടതില്ലെന്നും കോടതി നീരീക്ഷിച്ചു.

ഇടപെടുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സുപ്രീംകോടതി പറഞ്ഞു. സിസോദിയ്ക്ക് ജാമ്യത്തിനായി ഹൈക്കോടതിയടക്കം മറ്റു നിയമവഴികള്‍ തേടാമെന്നും കോടതി വ്യക്തമാക്കി. അഞ്ച് ദിവസത്തേക്കാണ് സിസോദിയയെ ഇന്നലെ കോടതി സിബിഐ കസ്റ്റഡിയില്‍ നല്‍കിയത്. 24 മണിക്കൂര്‍ സിസിടിവി നിരീക്ഷണമുള്ള മുറിയില്‍ മാത്രമേ ചോദ്യം ചെയ്യല്‍ പാടുള്ളൂവെന്നാണ് കോടതി ഉത്തരവ്. എല്ലാ ദിവസവും വൈകുന്നേരം ആറ് മുതല്‍ ഏഴ് മണി വരെ അഭിഭാഷകരെ കാണാനും അനുമതിയുണ്ട്.പുതിയ മദ്യനയം എങ്ങനെ തയാറാക്കി, ആരാണ് ഒപ്പിട്ടത്, മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ തുടങ്ങിയവ വിശദമാക്കുന്ന രേഖകള്‍ കാണാനില്ലെന്നാണ് സിബിഎ കണ്ടെത്തല്‍. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകള്‍ കവിത ഡല്‍ഹിയിലെ മദ്യനയത്തില്‍ ഇടപെട്ടോ എന്നും പരിശോധിക്കും.