ഹെഡ്സെറ്റില്‍ സംസാരിച്ച് ട്രാക്ക് കടക്കുന്നതിനിടെ മലയാളി യുവതി ട്രെയിനിടിച്ച് മരിച്ചു
മൊബൈലില്‍ സംസാരിച്ച് ട്രാക്ക് കടക്കുന്നതിനിടെ ചെന്നൈയില്‍ മലയാളി യുവതി ട്രെയിനിടിച്ച് മരിച്ചു. കൊല്ലം പുത്തൂര്‍ സ്വദേശിനി നിഖിത കെ സിബിയാണ് മരിച്ചത്. 19 വയസായിരുന്നു. താംബരം എംസിസി കോളജിലെ വിദ്യാര്‍ഥിനിയാണ് നിഖിത.ഇന്ന് രാവിലെ കോളേജിലേക്ക് പോകാനായി താമസസ്ഥലത്തുനിന്ന് ഇറങ്ങിയതായിരുന്നു നിഖിത. താംബരത്തിന് സമീപം റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഹെഡ് ഫോണ്‍ വെച്ച് മൊബൈല്‍ ഫോണില്‍ സംസാരിച്ചാണ് നിഖിത ട്രാക്ക് മുറിച്ചുകടന്നത്. ഇതാണ് അപകടത്തിന് കാരണമായത്.
ഈ സമയം താംബരത്തേക്കുള്ള ട്രെയിന്‍ കടന്നുവരുണ്ടായിരുന്നു. ട്രെയിന് വേഗത കുറവായിരുന്നെങ്കിലും, ഹെഡ് ഫോണില്‍ സംസാരിച്ചുകൊണ്ടു നടന്ന നിഖിത ട്രെയിന്‍ വരുന്ന കാര്യം അറിഞ്ഞില്ല. ഈ സമയം യുവതി ട്രാക്ക് മുറിച്ചുകടക്കുന്നത് ലോക്കോ പൈലറ്റ് കണ്ടിരുന്നു. ആവര്‍ത്തിച്ച് ഹോണ്‍ മുഴക്കിയെങ്കിലും നിഖിത അത് കേട്ടില്ല. ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ച നിഖിത സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. താംബരം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നിഖിതയുടെ ചെന്നൈയിലുള്ള ബന്ധുക്കളും സഹപാഠികളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍ ഇപ്പോള്‍ തുടരെ ഉണ്ടാകുന്നുണ്ട്. കൂടുതലും യുവാക്കളാണ് ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നത്.