മലയാളികള്‍ക്ക് ആശ്വാസം ; മലയോര മേഖലകളില്‍ വേനല്‍ മഴക്ക് സാധ്യത

വേനല്‍ ചൂടിന് ആശ്വാസം പകരാന്‍ സംസ്ഥാനത്തെ മലയോര ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളം മേഘാവൃതമാണ്. തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാര്‍ച്ച് – മെയ് 2023 പ്രവചനം പ്രകാരം കേരളത്തില്‍ മാര്‍ച്ച് മാസത്തില്‍ സാധാരണ ലഭിക്കുന്ന മഴയയോ അതില്‍ കൂടുതല്‍ മഴയോ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ്. സാധാരണ മാര്‍ച്ച് മാസത്തില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ കുറഞ്ഞ ചൂടിനായിരിക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

അതേസമയം ഇന്ത്യയില്‍ കടന്ന് പോയത് 1901 ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ഫെബ്രുവരിയെന്ന് കാലാവസ്ഥാ വിദഗ്ധര്‍. മെയ് 31 വരെയുള്ള അടുത്ത മൂന്ന് മാസം ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ എസ് സി ഭാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മാര്‍ച്ച്, ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ചൂടേറിയ മാര്‍ച്ച് മാസമായിരുന്നു. ഇന്ത്യയില്‍ തുടരെ തുടരെ കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നത് വിദഗ്ധര്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന ഉഷ്ണ തരംഗവും, വരള്‍ച്ചയും പ്രളയവും ആയിരക്കണക്കിന് പേരുടെ ജീവനാണ് എടുക്കുന്നത്. 2015 നെ അപേക്ഷിച്ച് 2020 ല്‍ ഉഷ്ണ തരംഗം ബാധിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.