നടുറോഡില്‍ കാമുകിയെ തല്ലിയ കാമുകനെ തടഞ്ഞു നിര്‍ത്തി തെലുങ്ക് യുവതാരം (വീഡിയോ)

പട്ടാപകല്‍ നടുറോഡില്‍ കലിപ്പന്റെ കാന്താരി കളിച്ച യുവാവിനെ തടഞ്ഞു നിര്‍ത്തി തെലുങ്ക് യുവതാരം. തെലുങ്ക് യുവ നടന്‍ നാഗ ശൗര്യയാണ് വഴിയില്‍ വച്ച് യുവാവ് കാമുകിയെ തല്ലിയപ്പോള്‍ രക്ഷകനായി എത്തിയത്. ബുധനാഴ്ചയാണ് സംഭവം. ഹൈദരാബാദിലെ തിരക്കുള്ള റോഡില്‍ വച്ചാണ് യുവതിയെ കാമുകന്‍ പരസ്യമായി തല്ലിയത്. സംഭവം നടന്ന സമയം അതുവഴി വന്ന നടന്‍ നാഗ ശൗര്യ കാമുകനെ തടഞ്ഞു നിര്‍ത്തുകയും യുവതിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്തു. യുവാവിന്റെ കൈയില്‍ പിടിച്ച് മാപ്പ് പറയാന്‍ ആവശ്യപ്പെടുന്ന നാഗ ശൗര്യയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. യുവതിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ കാമുകിയാണ് ഇതെന്നാണ് യുവാവ് പറയുന്നത്.

ഇതോടെ എന്തിനാണ് യുവതിയെ വഴിയില്‍ വെച്ച് അടിച്ചതെന്ന് ശൗര്യ യുവാവിനോട് ചോദിച്ചു. അവള്‍ നിങ്ങളുടെ കാമുകിയാകാം, അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഇതുപോലെ മോശമായി പെരുമാറാന്‍ കഴിയുമെന്നല്ല. അവളോട് മാപ്പ് പറയൂ എന്നും നാഗ ശൗര്യ പറഞ്ഞു. ഇത് കണ്ടു നിന്നവരും യുവാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ട്വിറ്ററില്‍ വൈറലായ വീഡിയോയുടെ കമന്റ് ബോക്‌സില്‍ നിരവധി പേരാണ് നാഗ ശൗര്യയുടെ ഇടപെടലിനെ പ്രശംസിക്കുന്നത്. എന്നാല്‍, ഇത് നാഗ ശൗര്യയുടെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള പ്രൊമോഷന്‍ ആണെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. നാഗ ശൗര്യയുടെ പുതിയ ചിത്രം ഫലന അബ്ബായി ഫലന അമ്മായി മാര്‍ച്ച് 17 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ശ്രീനിവാസ് അവസരളയാണ് സംവിധാനം.