താടിയും മുടിയും വെട്ടി സുന്ദരനായി രാഹുല്‍ ഗാന്ധി ; അടിപൊളി എന്ന് ആരാധകര്‍
ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി താടിയും മുടിയും വെട്ടി പുതിയ രൂപത്തില്‍ രാഹുല്‍ ഗാന്ധി. ഒരാഴ്ചത്തെ പര്യടനത്തിനായി യുകെയിലെത്തിയപ്പോള്‍ ആണ് രാഹുല്‍ പുതിയ ലുക്കില്‍ കണ്ടത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ പ്രസംഗം നടത്താന്‍ എത്തിയപ്പോള്‍ അദ്ദേഹം ഭാരത് ജോഡോ യാത്രക്കിടെ നീട്ടിവളര്‍ത്തിയ തന്റെ തലമുടിയും താടിയും ട്രിം ചെയ്തു. അത്രയും നാള്‍ സ്ഥിരമായി അണിഞ്ഞുകണ്ട വെള്ള ടീ ഷര്‍ട്ടിന് പകരം സ്യൂട്ട് ആന്‍ഡ് ടൈയിലാണ് കാണപ്പെട്ടത്. നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എപ്പോഴും വെള്ള ടീ ഷര്‍ട്ടില്‍ കാണപ്പെട്ടിരുന്ന രാഹുല്‍, അഞ്ച് മാസത്തെ ഭാരത് ജോഡോ യാത്രയില്‍ രൂപഭാവം സമൂലമായി മാറ്റിയിരുന്നു.
കന്യാകുമാരിയില്‍ തുടങ്ങിയ യാത്രയ്ക്കിടെ ഷേവ് ചെയ്യേണ്ടെന്ന് തീരുമാനിച്ചതിനാല്‍ അഞ്ച് മാസത്തിനുള്ളില്‍ താടിയും വളര്‍ന്നു. ഇതെല്ലാം രാഹുല്‍ ഗാന്ധി ബോധപൂര്‍വമായ ഇമേജ് മേക്ക് ഓവറിന് വിധേയമായി എന്ന സിദ്ധാന്തത്തിന് പ്രചാരണം നല്‍കി. രാഹുല്‍ ഗാന്ധി എപ്പോഴാണ് താടി വടിക്കുന്നത് എന്ന് തന്നോട് പലരും ചോദിച്ചതായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര അടുത്തിടെ പറഞ്ഞിരുന്നു. വാസ്തവത്തില്‍, രാഹുല്‍ ഗാന്ധിയും ഈ ചോദ്യം നേരത്തെ നേരിട്ടിരുന്നു. ഇത് യാത്ര കാരണമാണെന്നും, യാത്ര അവസാനിച്ചതിനാല്‍ അതിനെക്കുറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കേള്‍ക്കാന്‍ പഠിക്കുക’ എന്ന പ്രഭാഷണം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമുള്ള ഒരു പ്രഭാഷണമാണ്. അവിടെ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ അനുഭവം പങ്കുവെച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ രാഹുലിന്റെ ജനസമ്മിതി പണ്ടെത്തെക്കാള്‍ പതിന്മടങ്ങു വര്‍ധിച്ചതായിട്ടാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്.