ഇടുക്കിയില്‍ സ്‌കൂള്‍ വിനോദയാത്ര സംഘത്തിലെ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു
ഇടുക്കി : മാങ്കുളം വല്യ പാറക്കുട്ടി പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. അങ്കമാലി മഞ്ഞപ്രയിലെ ജ്യോതി സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ റിച്ചാര്‍ഡ്, അര്‍ജുന്‍, ജോയല്‍ എന്നിവരാണ് മരിച്ചത്. പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വെള്ളം കുറവാണ്. അതുകൊണ്ട് തന്നെ ആളുകള്‍ അപകടം മനസിലാക്കാതെയാണ് കുളിക്കാനിറങ്ങുക. ആനക്കുളത്തിനു സമീപമുള്ള വലിയ പാറക്കുട്ടി പുഴയില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഈ പുഴയില്‍ പൊലിഞ്ഞത് അഞ്ച് പേരുടെ ജീവനാണ്. മൂന്നാര്‍, ആനക്കുളം ഭാഗത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ വല്യ പാറക്കുട്ടി പുഴയില്‍ കുളിക്കാനിറങ്ങുക പതിവാണ്.സ്‌കൂളില്‍ നിന്നും മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. മൃതദേഹങ്ങള്‍ അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.