കമ്മീഷന്‍ കൂടുതല്‍ വേണമെന്ന് സൊമാറ്റോ ; പറ്റില്ല എന്ന് റെസ്റ്റോറന്റുകള്‍

തങ്ങള്‍ക്കുള്ള കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യവുമായി ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നഷ്ടം കൂടിയതും ഭക്ഷണ വിതരണത്തില്‍ കുറവുണ്ടായതിനും ശേഷമാണ് സൊമാറ്റോ 2 മുതല്‍ 6 ശതമാനം വരെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.എന്നാല്‍ ഈ നീക്കം റസ്റ്റോറന്റ് വ്യവസായികളുടെ നീരസത്തിന് കാരണമായതായാണ് റിപ്പോര്‍ട്ട്. കാരണം, പലരും ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചു. അതേസമയം, കോവിഡ് അവസാനിച്ചതിന് ശേഷം ആളുകള്‍ ഇപ്പോള്‍ റെസ്റ്റോറന്റുകളിലെത്തി ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ പല റെസ്റ്റോറന്റുകളും സൊമാറ്റോയുടെ അഭ്യര്‍ത്ഥന നിരസിച്ചു.

ഈ വിഷയത്തില്‍ സൊമാറ്റോയുമായി സംസാരിക്കുമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍ഐ) പ്രസിഡന്റ് കബീര്‍ സൂരി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഓരോ ഓര്‍ഡറിനും 18 മുതല്‍ 25 ശതമാനം വരെയാണ് സൊമാറ്റോ ഈടാക്കുന്നത്. കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയതോടെ ഡിസംബര്‍ പാദത്തില്‍ സൊമാറ്റോയുടെ നഷ്ടം വര്‍ധിപ്പിക്കാന്‍ കാരണമായി. ഡിസംബര്‍ പാദത്തില്‍ കമ്പനിക്ക് 347 കോടി രൂപയുടെ നഷ്ടമുണ്ടായി, ഇത് കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലുണ്ടായതിനേക്കാള്‍ 63.2 കോടി രൂപ കൂടുതലാണ്. എന്നാല്‍ കമ്പനിയുടെ വരുമാനം 75 ശതമാനം വര്‍ധിച്ച് 1948 കോടി രൂപയായി.