പിണറായിയുടെ കുടുംബമാണ് കേരളത്തിന്റെ ഐശ്വര്യം എന്ന് ഇ.പി ജയരാജന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബം കേരളത്തിന്റെ ഐശ്വര്യമാണെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. പിണറായിയുടെ കുടുംബത്തെ യുഡിഎഫുകാര്‍ വേട്ടയാടുകയാണെന്നും നിപയും കോവിഡും പ്രളയവും വരട്ടെയെന്ന് ആഗ്രഹിച്ചു നടക്കുകയാണ് യുഡിഎഫുകാരെന്നും ഇപി ജയരാജന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയ്ക്ക് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇപി ജയരാജന്‍. ഫെബ്രുവരി 20-ന് തുടങ്ങിയ യാത്രയില്‍ ഇതാദ്യമായാണ് ഇപി ജയരാജന്‍ പങ്കെടുക്കുന്നത്.കറുത്ത തുണിയില്‍ കല്ലും കെട്ടി അക്രമത്തിന് തുനിഞ്ഞാല്‍ ജനങ്ങള്‍ നോക്കി നില്‍ക്കില്ല.
മറിയം റഷീദയെയും ഹൗസിയ ഹസനെയും ഉപയോഗിച്ച് നമ്പി നാരായണനെ ജയിലില്‍ അടച്ചവരാണ് കോണ്‍ഗ്രസ്. പിണറായിയെയും ഇടത് പക്ഷത്തെയും കളങ്കപ്പെടുത്താന്‍ മക്കളേ നിങ്ങള്‍ പോരണ്ട….ഇത് കേരളമാണ്. നാശത്തിന്റെ കുഴിയാണ് യുഡിഎഫ് സൃഷ്ടിച്ചത്. ഒരു കുഴല്‍ മാടന്‍ ഇറങ്ങിയിരിക്കുന്നു. എന്തും പറയാമെന്ന് ആരും കരുതേണ്ട. സംസ്ഥാന സര്‍ക്കാര്‍ കടം വാങ്ങിയാല്‍ എന്താ കുഴപ്പം? സംസ്ഥാനം ജപ്തി ചെയ്ത് കൊണ്ടുപോകുമോ. സംസ്ഥാന സര്‍ക്കാരിനെ ആരും ജപ്തി ചെയ്യില്ല.. അടിസ്ഥാന സൗകര്യം വികസിപ്പിച്ച് നാടിനെ അഭിവൃത്തിപ്പെടുത്തി തിരിച്ചു കൊടുക്കും. പത്രക്കാര്‍ എന്നെ അന്വേഷിച്ചു നടക്കുകയായിരുന്നു .എനിക്കിന്ന് ഒരുപാട് പരിപാടികളുണ്ടെങ്കിലും ഞാനിന്ന് ഇവിടെ പ്രത്യക്ഷപ്പെട്ടല്ലോ… എനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, എങ്കിലും ഇവിടെ വന്നപ്പോള്‍ പഴയ പല നേതാക്കളെയും കാണാനായി എന്നും ജയരാജന്‍ പറഞ്ഞു.