ഭാര്യയുടെ അമ്മൂമ്മയെ കൊന്ന യുവാവ് പിടിയില്‍ ; കൊലപാതകത്തിന് കാരണമായത് ഭാര്യയുടെ ഗര്‍ഭം

ഗര്‍ഭിണിയായ ഭാര്യയെ സഹായിക്കാന്‍ ഭാര്യയുടെ അമ്മൂമ്മയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. ഭാര്യയുടെ അമ്മൂമ്മയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നുള്ള യുവാവിന്റെ പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് കൊലപതാക രഹസ്യം പുറത്തു കൊണ്ട് വന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ വൃദ്ധ നേരിട്ട കൊടിയ പീഡനത്തിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ഒടുവില്‍ പരാതിപ്പെട്ട യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നുള്ള കുറ്റസമ്മതം കേട്ട് പൊലീസും ഞെട്ടി.

ഭാര്യ ഗര്‍ഭിണിയായതോടെ കാഴ്ച പരിമിതിയുള്ള അമ്മൂമ്മയെ പരിചരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് കൊലപാതം നടത്തിയതെന്നാണ് യുവാവ് പൊലീസിനോട് തുറന്ന് പറഞ്ഞത്. ബാലരാമപുരം മേക്കേക്കര തലയല്‍ ബിന്ദു ഭവനില്‍ സുഗുണാ ദേവിയെ (67) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ചെറുമകളുടെ ഭര്‍ത്താവ് നന്ദകുമാര്‍ (25) ബാലരാമപുരം പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ ആണ് സംഭവം. ഭക്ഷണം നല്‍കാന്‍ ചെല്ലുമ്പോള്‍ സുഗുണാ ദേവിയെ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയെന്നും തുടര്‍ന്ന് മരണം സ്ഥിരീകരിച്ചതായുമാണ് നന്ദകുമാര്‍ ബാലരാമപുരം പൊലീസില്‍ വിവരം നല്‍കിയത്.

എന്നാല്‍ മരണത്തില്‍ സുഗുണാ ദേവിയുടെ മകന്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. സുഗുണാ ദേവിയുടെ വാരിയെല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. തലച്ചോറിന് ക്ഷതം ഏറ്റതായും കഴുത്തില്‍ പാടുകള്‍ ഉള്ളതായും ഡോക്ടര്‍മാര്‍ പൊലീസിന് വിവരം നല്‍കി. തുടര്‍ന്നാണ് നന്ദകുമാറിനെ ബാലരാമപുരം പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. നന്ദകുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം ആണെന്ന് തെളിയുന്നത്. നന്ദകുമാറിന്റെ ഭാര്യ ഗായത്രിയുടെ അമ്മയുടെ അമ്മയാണ് മരിച്ച സുഗുണാ ദേവി. നന്ദകുമാറും ഗായത്രിയും ഇവരുടെ കുഞ്ഞും സുഗുണാ ദേവിയോടൊപ്പമാണ് താമസിച്ചിരുന്നത്. കാഴ്ചക്കുറവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്ന സുഗുണാ ദേവിയെ മകനും മറ്റ് ബന്ധുക്കളും ഏറ്റെടുക്കാന്‍ തയ്യാറാകാത്തതില്‍ നന്ദകുമാറിന് വൈരാഗ്യമുണ്ടായിരുന്നു.

ഗായത്രി എട്ട് മാസം ഗര്‍ഭിണിയായതോടെ അമ്മൂമ്മയെ നോക്കാന്‍ കഴിയാത്തതിനാലുമാണ് കൊലപാതകമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. രണ്ട് മാസമായി നന്ദകുമാര്‍ സുഗുണാ ദേവിയെ ദേഹോപദ്രവമേല്‍പ്പിക്കുമയിരുന്നു എന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ജോലി കഴിഞ്ഞെത്തിയ നന്ദകുമാര്‍ സുഗുണാ ദേവിയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ ദേഷ്യത്തില്‍ വൃദ്ധയുടെ നെഞ്ചില്‍ ചവിട്ടുകയും സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് തലയ്ക്കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇരുമ്പു കട്ടിലിന്റെ കാല് പിടിച്ച് വലിച്ച് തലയിലടിക്കുകയും കൈ കൊണ്ട് വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും തോര്‍ത്തു കൊണ്ട് കഴുത്തില്‍ ഞെരിക്കുകയും ചെയ്തതായി പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു.