യൂത്ത്ഫ്രണ്ട് സംസ്ഥാന സമ്മേളനം കെഎം മാണിയോട് മാപ്പ് പറയണം : അഡ്വ. ഷോണ്‍ ജോര്‍ജ്
അധ്വാന വര്‍ഗ്ഗ യുവസദസ്സ് എന്ന പേരില്‍ കേരള യൂത്ത്ഫ്രണ്ട് (എം) കോട്ടയത്ത് നടത്തുന്ന സംസ്ഥാന സമ്മേളനം അധ്വാന വര്‍ഗ്ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും മുന്‍ പാര്‍ട്ടി ചെയര്‍മാനുമായിരുന്ന കെ.എം. മാണിയോട് മാപ്പുപറയണമെന്ന് കേരള ജനപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. മാര്‍ക്സിയന്‍ സിദ്ധാന്തത്തെ വിമര്‍ശിച്ചും കമ്മ്യൂണിസത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടും ഈ സിദ്ധാന്തങ്ങള്‍ മാനവരാശിക്ക് അപകടമാണെന്നുമാണ് കെ.എം. മാണിയുടെ അധ്വാന വര്‍ഗ്ഗ സിദ്ധാന്തത്തിന്റെ ഉള്ളടക്കം തന്നെ. അങ്ങനെ പറഞ്ഞ് സിദ്ധാന്തം അവതരിപ്പിച്ച കെ.എം. മാണിയുടെ പാര്‍ട്ടി ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം അധികാരം പങ്കിടുകയാണ്.
ഈ സാഹചര്യത്തില്‍ അധ്വാന വര്‍ഗ്ഗ യുവസദസ്സ് സംഘടിപ്പിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ആത്മാവിനോട് ക്ഷമാപണം നടത്തി പ്രമേയം പാസാക്കുക എന്നതാണ്. കെ.എം. മാണിയുടെ നിര്‍ദ്ദേശപ്രകാരം സൗത്ത് ആഫ്രിക്കയിലെ ജൊഹന്നാസ്ബര്ഗില് നടന്ന ലോക യുവജന സമ്മേളനത്തില്‍ അധ്വാന വര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിച്ച വ്യക്തി എന്ന നിലയില്‍ ഇത് പറയാന്‍ തനിക്ക് അവകാശമുണ്ട്. പാര്‍ട്ടിയുടെ അടിസ്ഥാന സിദ്ധാന്തം എന്നു പറഞ്ഞുകൊണ്ട് അധ്വാന വര്‍ഗ്ഗത്തെ വിശേഷിപ്പിക്കുന്ന ഒരാള്‍ക്ക് എങ്ങനെ ഇടതുപക്ഷത്തോടൊപ്പം ഭരണം പങ്കിടാന്‍ കഴിയും എന്നുള്ളത് ആശ്ചര്യമാണ്. അധ്വാനവര്‍ഗ്ഗ സിദ്ധാന്തം പാര്‍ട്ടി നേതാക്കള്‍ ഒരു തവണ പോലും വായിച്ചിട്ടില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം നിലകൊള്ളുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.