ബ്രഹ്മപുരം മാലിന്യ തീ ; എറണാകുളത്തിന്റെ ഒരു ഭാഗം പുകയില്‍ മുങ്ങി
ജില്ലയുടെ ഒരു ഭാഗം തന്നെ വിഴുങ്ങിയ നിലയിലാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക . പാലാരിവട്ടം ബൈപ്പാസിലും കലൂര്‍ സ്റ്റേഡിയം പരിസരത്തും പുക പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. കൊച്ചി പോര്‍ട്ട് ട്രെസ്റ്റില്‍ നിന്നുള്ള ഫയര്‍ യൂണിറ്റികള്‍ ഇന്നെത്തും. പുകയുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ കാരണം ജനങ്ങള്‍ ഞായറാഴ്ച പരമാവധി വീടിനുള്ളില്‍ തന്നെ തുടരണമെന്നാണ് നിര്‍ദേശം. ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിന് എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജന്‍സികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു.
ഭാവിയില്‍ തീപിടിത്തം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനും വേഗത്തില്‍ പ്രതികരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. തീപിടുത്തത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊച്ചി കോര്‍പ്പറേഷന് പിഴ ചുമത്തുമെന്നാണ് സൂചന. വന്‍ പാരിസ്ഥിതിക ആഘാതമാണ് മാലിന്യ പ്ലാന്റില്‍ തീപിടിച്ചതു മൂലം ഉണ്ടായിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ പരിസ്ഥിതിക്കുണ്ടായ ആഘാതവും മറ്റു നഷ്ടങ്ങളുമെല്ലാം വിലയിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയ്ക്ക് വീണ്ടും പിഴ ചുമത്തും. തീപിടുത്തത്തില്‍ 15 ദിവസത്തിനകം നഗരസഭ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം പ്ലാന്റ് മേഖലയില്‍ പ്ലാസ്റ്റിക് കൂനകളിലെ ആളിക്കത്തല്‍ നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ആളിക്കത്തല്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിനടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യമുണ്ട്. അത് പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടരുകയാണെന്നും കൂടുതല്‍ ഫയര്‍ യുണിറ്റുകള്‍ സജ്ജമാക്കുമെന്നും കളക്ടര്‍ പറഞ്ഞു. നൂറു ഏക്കറോളമുള്ള മാലിന്യക്കൂമ്പാരത്തിന്റെ തീപിടിച്ച ഭാഗത്തെ ആറു മേഖലകളായി തിരിച്ചുകൊണ്ടുള്ള തീയണയ്ക്കല്‍ സമീപനമാണ് നടത്തുന്നത്. ഇതില്‍ നാല് മേഖലകളിലെ തീയണയ്ക്കുന്നതിന് അഗ്നിരക്ഷാ സേനാ യുണിറ്റുകളും ബാക്കി സ്ഥലങ്ങളില്‍ നേവി, കൊച്ചിന്‍ റിഫൈനറി എന്നിവയുടെ യുണിറ്റുകളുമാണ് ഉപയോഗിക്കുന്നത്.