കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റില്‍ അമ്പരന്ന് പോലീസ്
ആഴ്ചകള്‍ക്ക് മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹത്തിന്റെ അവശിഷ്ടം സ്രാവിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തി. അര്‍ജന്റീനക്കാരനായ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങളാണ് സ്രാവിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത്. അര്‍ജന്റീനയിലെ ചുബുട്ട് പ്രവിശ്യയുടെ തെക്കന്‍ തീരത്ത് വച്ചാണ് 32 -കാരനായ ഡീഗോ ബാരിയയെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായത്. ഫെബ്രുവരി 20 -ന് തിരച്ചില്‍ സംഘം അദ്ദേഹത്തിന്റെ തകര്‍ന്ന വാഹനം കണ്ടെത്തിയിരുന്നു. എന്നാല്‍ ഫെബ്രുവരി 26 ഞായറാഴ്ച, രണ്ട് മത്സ്യത്തൊഴിലാളികള്‍ ഇതേ സ്ഥലത്തിന് സമീപത്ത് വച്ച് മൂന്ന് സ്രാവുകളെ പിടികൂടി. ഈ സ്രാവുകളെ വൃത്തിയാക്കുന്നതിനിടയിലാണ് ഒരു സ്രാവിന്റെ വയറ്റില്‍ മനുഷ്യന്റെ ശരീരാവശിഷ്ടങ്ങള്‍ ഇവര്‍ കണ്ടെത്തിയത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ അധികൃതരെ വിവരം അറിയിച്ചു.
സ്രാവിന്റെ വയറ്റില്‍ നിന്നും കിട്ടിയത് ബാരിയയുടെ മൃതദേഹമാണ് എന്ന് തിരിച്ചറിഞ്ഞത് കയ്യില്‍ ചെയ്തിരുന്ന ടാറ്റൂവിന്റെ സഹായത്തോടെയാണ്. വീട്ടുകാരാണ് അത് തിരിച്ചറിഞ്ഞത്. മൃതദേഹം ബാരിയയുടെ തന്നെയാണോ എന്ന് അറിയുന്നതിന് വേണ്ടി ഡിഎന്‍എ ടെസ്റ്റ് നടത്തും.
രണ്ട് സാധ്യതകളാണ് യുവാവ് സ്രാവിന്റെ വയറ്റില്‍ അകപ്പെടാന്‍ ഉള്ളത് എന്ന് പൊലീസ് പറയുന്നു. ആദ്യത്തേത് അയാള്‍ക്ക് പരിക്കേറ്റ് വീണതാവാം എന്നാണ്. രണ്ടാമത്തേത്, ശക്തമായ വേലിയേറ്റത്തില്‍ തീരത്ത് കിടന്നിരുന്ന യുവാവ് വെള്ളത്തിലേക്ക് പോയിരിക്കാം എന്നാണ്. ഏതായാലും എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.