ബ്രഹ്മപുരത്തെ തീ ; വിഷപ്പുകയ്ക്ക് പിന്നാലെ മാലിന്യനീക്കം സ്തംഭിച്ചത് കൊച്ചിക്ക് ഇരട്ടിദുരിതം
അഞ്ചാം ദിവസവും പൂര്‍ണ്ണമായി കെടുത്താനാകാതെ കൊച്ചി ബ്രഹ്മപുരത്തെ തീപ്പിടുത്തം. പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയെന്ന് അഗ്നിരക്ഷാ സേന ആവര്‍ത്തിച്ചു. മാലിന്യം നിക്ഷേപിക്കാന്‍ പകരം സ്ഥലം കണ്ടെത്താത്തതിനാല്‍ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലാണ്. 27 അധികം ഫയര്‍ യൂണിറ്റുകള്‍ അഞ്ച് ദിവസമായി ദൗത്യം തുടരുമ്പോഴും 80 ശതമാനം തീയാണ് അണക്കാനായത്. ഇന്ന് കൊണ്ടും പൂര്‍ണ്ണായി തീ അണക്കാനാകില്ലെന്ന് ഫയര്‍ ഫോഴ്സ് അറിയിച്ചു. കൂടുതല്‍ ഹിറ്റാച്ചികളെത്തിച്ച് അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച് വെള്ളം തളിക്കാനാണ് ലക്ഷ്യം .എങ്കില്‍ മാത്രമെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂ. പുകഞ്ഞ് കത്തുന്ന പുക ഇന്നും നഗരത്തിന്റെ പല ഭാഗങ്ങളിലുമെത്തി. പാലാരിവട്ടം, കലൂര്‍, വൈറ്റില എന്നിവിടങ്ങളിലും പിന്നിട്ട് ബ്രഹ്മപുരത്ത് നിന്ന് 20 കിലോ മീറ്റര്‍ ദൂരെയുള്ള അരൂര്‍ ഭാഗത്തേക്കും പുക എത്തി. വെയില് കനക്കും വരെ മൂടലായി പുകയും അന്തരീക്ഷത്തില്‍ തങ്ങി നിന്നു.
കോര്പ്പറേഷന് നഗരത്തിലെ മാലിന്യ ശേഖരണം തുടങ്ങിയെങ്കിലും ഇതെവിടെ നിക്ഷേപിക്കുമെന്നതില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. മാലിന്യം താത്കാലികമായി നിക്ഷേപിക്കാന്‍ കോര്പ്പറേഷന് ചില സ്ഥലങ്ങള്‍ കണ്ടെത്തി ജില്ല ഭരണകൂടത്തെ അറിയിച്ചെങ്കിലും ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. തീ പൂര്‍ണ്ണമായി അണച്ച ശേഷം മാത്രമാകും താത്കാലിക കേന്ദ്രത്തില്‍ നിന്ന് മാലിന്യം ബ്രഹ്മപുരത്തേക്ക് മാറ്റുക. അതേസമയം ബ്രഹ്മപുരത്തെ കരാറില്‍ അന്വേഷണണ് ആവശ്യപ്പെട്ട് കൊച്ചി കോര്‍പ്പറേഷനിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തി. ഒരു രാഷ്ട്രീയ പ്രമുഖന്റെ മരുമകന്റെ പേരിലാണ് ഇത്തവണ കരാര്‍ എടുത്തത് എന്നും കോടികളുടെ അഴിമതി മൂടി വെക്കാനാണ് ഈ തീപിടിത്തം ഉണ്ടാക്കിയത് എന്നുമാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്.
അതിനിടെ തീപിടിത്തത്തിന്റെ പുകശല്യം ശാശ്വതമായി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. നടപടികള്‍ രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ് നിര്‍ദേശം. ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്വയണ്മെന്റല് എഞ്ചിനിയര്‍, കൊച്ചി നഗരസഭാ സെക്രട്ടറി എന്നിവര്‍ക്കാണ് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നോട്ടീസയച്ചത്. രൂക്ഷമായ പുകശല്യം കാരണം നിരവധിയാളുകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം രണ്ടു ദിവസം കൊണ്ട് പൂര്‍ണമായും അണക്കാന്‍ സാധിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചിട്ടുണ്ട്. സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
നിലവില്‍ പരിഭ്രാന്തിയുടെ സാഹചര്യം ഇല്ല. വായു ഗുണനിലവാരം മെച്ചപ്പെട്ടിട്ടുമുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ആശുപത്രികളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതില്‍ എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ബ്രഹ്മപുരം മാലിന്യനിക്ഷേപ പ്ലാന്റിലെ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് വിഷപ്പുക വന്‍തോതില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍, മുന്‍കരുതല്‍ നടപടിയായി എറണാകുളം നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും സ്കൂളുകള്‍ക്ക് അവധി നല്‍കാനുള്ള കളക്ടറുടെ തീരുമാനം ചോദ്യം ചെയ്ത് നെറ്റിസണ്‍സ് രംഗത്തെത്തി.