എട്ടു വയസുമുതല്‍ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ് സിനിമാ താരം ഖുശ്ബു
ഒരുകാലത്തു യുവാക്കളുടെ സ്വപ്ന നായികയായിരുന്നു ഖുശ്ബു. ചിന്നത്തമ്പി എന്ന ചിത്രത്തിന് ശേഷം തമിഴ് നാട്ടില്‍ ഖുശ്ബുവിന് വേണ്ടി കോവിലുകള്‍ വരെ ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ കുട്ടിക്കാലത്ത് സ്വന്തം പിതാവില്‍ നിന്നേറ്റ ക്രൂരതകള്‍ ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ബര്‍ക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഖുശ്ബു തുറന്നുപറഞ്ഞത്. ഇക്കാര്യത്തില്‍ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. ‘ഒരു കുട്ടി ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോള്‍, അത് ആണായാലും പെണ്ണായാലും, ജീവിതകാലം മുഴുവന്‍ അവശേഷിക്കുന്ന ഒരു മുറിപ്പാടാണ് മനസില്‍ ഉണ്ടാക്കുന്നത്. എന്റെ അമ്മ അങ്ങേയറ്റം മോശമായ ഒരു വിവാഹബന്ധത്തിലാണ് ഏര്‍പ്പെട്ടിരുന്നത്.
ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരു വ്യക്തിയായിരുന്നു അച്ഛന്‍. എട്ടാം വയസ്സിലാണ് പീഡനം നേരിട്ടു തുടങ്ങിയത്. എന്നാല്‍ പതിനഞ്ചാം വയസ്സില്‍ മാത്രമാണ് ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യം വന്നത്. താന്‍ എന്തെങ്കിലും പറഞ്ഞാല്‍ കുടുംബത്തിലുള്ള മറ്റുള്ളവര്‍ അധിക്ഷേപം കേള്‍ക്കേണ്ടി വരുമെന്ന ചിന്തയാണ് വര്‍ഷങ്ങളോളം മൗനം പാലിക്കാന്‍ കാരണം. എന്തൊക്കെ സംഭവിച്ചാലും ഭര്‍ത്താവ് ദൈവമാണെന്ന ചിന്താഗതി വച്ചു പുലര്‍ത്തിയിരുന്ന ആളാണ് തന്റെ അമ്മയെന്നും അതിനാല്‍ അച്ഛനെക്കുറിച്ച് പറഞ്ഞാല്‍ അമ്മ വിശ്വസിക്കില്ല എന്ന് ഭയന്നിരുന്നതായും താരം തുറന്നുപറയുന്നുണ്ട്. എന്നാല്‍ 15 വയസ്സ് എത്തിയതോടെ ഇതിനൊരു അവസാനം വേണമെന്ന തോന്നലില്‍ നിന്നാണ് എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങിയത്.
16 വയസ്സ് എത്തും മുമ്പുതന്നെ അച്ഛന്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എവിടെ നിന്ന് ലഭിക്കുമെന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അന്ന്. പിന്നീടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.’- ഖുശ്ബു പറഞ്ഞു. നിലവില്‍ സിനിമയേക്കാള്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലാണ് ഖുശ്ബു. നടനും സംവിധായകനുമായ സുന്ദര്‍ സി ആണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്.