ഭാര്യയുടെ ആരോപണങ്ങള്‍ ; ആദ്യമായി പ്രതികരിച്ചു നവാസുദ്ധീന് സിദ്ധീക്കി
മുന്‍ഭാര്യയുടെ വ്യാജ ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ച് ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദീഖി. തന്നേയും മക്കളേയും നടന് വീട്ടില്‍ നിന്നും അടിച്ചിറക്കിയെന്നും കയ്യില്‍ പണമില്ലെന്നും എങ്ങോട്ടുപോകണമെന്ന് അറിയില്ലെന്നുമായിരുന്നു സിദ്ദീഖിയുടെ ഭാര്യ ആലിയ ഏറ്റവും ഒടുവിലായി ആരോപിച്ചത്. ഭാര്യയുടെ തുടര്‍ച്ചയായുള്ള ആരോപണങ്ങളില്‍ സിദ്ദീഖി ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ തന്റെ മൗനം എല്ലാവരുടെ മനസ്സിലും തന്നെ മോശമായി ചിത്രീകരിക്കുകയാണ് ഉണ്ടായതെന്ന മുഖവുരയോടെയാണ് നടന് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
തന്റെ രണ്ട് മക്കളെ ഓര്‍ത്താണ് ആരോപണങ്ങളില്‍ പ്രതികരിക്കാതിരുന്നത് എന്നും താരം പറയുന്നു. തന്റെ കുടുംബത്തെ കുറിച്ച് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എവിടയോ ഇരുന്ന് മക്കള്‍ വായിക്കുന്നുണ്ട് എന്നതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ആലിയയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രസ്താവനയില്‍ ഉന്നയിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയും മാധ്യമങ്ങളും ഒരുകൂട്ടം ആളുകളും തന്നെ വ്യക്തിഹത്യ ചെയ്യുന്നതില്‍ വളരെയധികം ആനന്ദം കണ്ടെത്തുന്നുണ്ട്. ഏകപക്ഷീയമായ കഥകളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് ഇത്തരം ആരോപണങ്ങളെല്ലാം.
താനും ആലിയയും ഇപ്പോള്‍ ഭാര്യാഭര്ത്താക്കന്മാരല്ലെന്നും വര്‍ഷങ്ങളായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും വിവാഹമോചിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ ഉത്തരവാദിത്തത്തില്‍ മാത്രമാണ് തങ്ങള്‍ തമ്മില്‍ ധാരണയുള്ളത്. കഴിഞ്ഞ 45 ദിവസമായി എന്റെ കുട്ടികള്‍ ബന്ദികളാണ്. ദുബായിലെ സ്കൂളില്‍ അവര്‍ പോയിട്ട് 45 ദിവസമായി. പണത്തിനു വേണ്ടി മക്കളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനു മുമ്പ് നാല് മാസം അവരെ ദുബായില്‍ ഉപേക്ഷിച്ചാണ് ആലിയ വന്നത് എന്നും താരം പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മുന്ഭാര്യയ്ക്ക് താന്‍ കുറഞ്ഞത് പത്ത് ലക്ഷമെങ്കിലും എല്ലാ മാസവും നല്‍കുന്നുണ്ട്. കുട്ടികളുമായി ദുബായിലേക്ക് താമസം മാറുന്നതിനു മുമ്പ് 5-7 ലക്ഷം മാസം നല്‍കിയിരുന്നു. സ്കൂള്‍ ഫീസിനും യാത്രയ്ക്കും ആശുപത്രി ചെലവുകള്‍ക്കുമുള്ള പണത്തിനു പുറമേയാണിത്.
മക്കള്‍ക്ക് യാത്ര ചെയ്യാനായി വിലകൂടിയ കാറുകള്‍ വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ആലിയ കാറുകള്‍ വിറ്റ് പണം സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചു. വെര്‍സോവയില്‍ കടലിന് അഭിമുഖമായി വിലകൂടിയ അപ്പാര്‍ട്ട്മെന്റും കുട്ടികള്‍ക്കു വേണ്ടി താന്‍ വാങ്ങി. കുട്ടികള്‍ക്ക് ചെറുതായതിനാല്‍ ആ അപാര്‍ട്ട്മെന്റിന്റെ ഉടമസ്ഥത ആലിയയ്ക്കും കൂടിയായിരുന്നു. ദുബായില്‍ അവര്‍ക്കു വേണ്ടി അപാര്‍ട്മെന്റ് വാടകയ്ക്ക് എടുത്തു. അവിടെയാണ് ആലിയ സുഖമായി ജീവിക്കുന്നത്. തന്നില്‍ നിന്നും കൂടുതല്‍ പണം നേടുക എന്നത് മാത്രമാണ് ആലിയയുടെ ലക്ഷ്യമെന്നാണ് സിദ്ദീഖി ആരോപിക്കുന്നത്. ഇതിനായി തനിക്കും മാതാവിനും എതിരെ നിരന്തരം പരാതികള്‍ നല്‍കും. പണം ലഭിച്ചാല്‍ പരാതി പിന്‍വലിക്കും. ഇത് അവര്‍ നേരത്തേയും ചെയ്തിരുന്നു.
സ്കൂള്‍ അവധിക്ക് മക്കള്‍ നാട്ടിലെത്തിയാല്‍ അവരുടെ മുത്തശ്ശിക്കൊപ്പമാണ് താമസിക്കുന്നത്. എങ്ങനെയാണ് അവരെ വീട്ടില്‍ നിന്നും അടിച്ചിറക്കുക. ആ സമയത്ത് താന്‍ പോലും ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളുടേയും വീഡിയോ എടുക്കുന്ന തന്റെ മുന്‍ഭാര്യ എന്തുകൊണ്ട് വീട്ടില്‍ നിന്നും അടിച്ചിറക്കുന്നത് ചിത്രീകരിച്ചില്ല എന്നും നവാസുദ്ദീന്‍ സിദ്ദീഖി ചോദിക്കുന്നു. ലോകത്ത് ഒരു രക്ഷിതാവും തങ്ങളുടെ കുട്ടികളുടെ പഠനം മുടക്കണമെന്നോ ഭാവി തകര്‍ക്കണമെന്നോ ആഗ്രഹിക്കുകയില്ല. തങ്ങളെ കൊണ്ട് ആവുന്നതെല്ലാം കുട്ടികള്‍ക്കു വേണ്ടി ചെയ്യാനാണ് എല്ലാവരും ശ്രമിക്കുക. മക്കളായ ഷോറയ്ക്കും യാനിക്കും അവരുടെ നല്ല ഭാവിക്കും വേണ്ടി ഏതറ്റം വരെയും പോകാന്‍ താന്‍ തയ്യാറാണ്. ആലിയയുമായി ഇതുവരെയുള്ള എല്ലാ കേസുകളിലും വിജയം തന്റെ പക്ഷത്തായിരുന്നുവെന്നും നടന് പറഞ്ഞു. നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.