അഫ്ഗാനില്‍ വിവാഹമോചനങ്ങള്‍ റദ്ധാക്കി താലിബാന്‍ ; മുന്‍ഭര്‍ത്താക്കന്മാരുടെ അടുത്തേക്ക് തിരികെ ചെല്ലാന്‍ സ്ത്രീകളോട് ആജ്ഞാപനം
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം കൂടുതല്‍ നരകതുല്യമാക്കി മാറ്റുകയാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം. ഭര്‍ത്താവിന്റെ ക്രൂരതകള്‍ കാരണം വിവാഹമോചനം നേടിപ്പോയ സ്ത്രീകളോട് തിരികെ അതേ ഭര്‍ത്താവിന്റെ അടുത്തേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയാണ് താലിബാന്‍. ഇതിന് വേണ്ടി വിവാഹമോചനം റദ്ദ് ചെയ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ യുഎസ്സിന്റെ പിന്തുണയോടെയുള്ള അഫ്ഗാന്‍ സര്‍ക്കാര്‍ നിയമപരമായ വിവാഹമോചനം അനുവദിച്ചിരുന്നു. ഇപ്പോള്‍ ഇതേ സ്ത്രീകളെ ഭര്‍ത്താക്കന്മാരുടെ അടുത്തേക്ക് തിരികെ അയക്കുകയാണ് താലിബാന്‍ ചെയ്യുന്നത് . രാജ്യത്തെ യുഎന്‍ മിഷന്‍ പറയുന്നത്, ഇവിടെ പത്തില്‍ ഒമ്പത് സ്ത്രീകളും അവരുടെ പങ്കാളികളില്‍ നിന്നും ശാരീരികമോ, ലൈംഗികമോ, മാനസികമോ ആയ അക്രമങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നു എന്നാണ്.
എന്നാല്‍, അതേ സമയം തന്നെ സമൂഹത്തില്‍ വിവാഹമോചനത്തെ അം?ഗീകരിച്ചിരുന്നും ഇല്ല. അതുപോലെ ഒരു സ്ത്രീ ആണ് മര്‍വ (പേര് സാങ്കല്‍പികം). അവള്‍ക്ക് മുന്‍ഭര്‍ത്താവിന്റെ അക്രമത്തില്‍ തന്റെ പല്ലുകളെല്ലാം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, വീണ്ടും അവള്‍ അതേ ആളുടെ അടുത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിത ആയിരിക്കുകയാണ്. എന്നാല്‍, അതിന് തയ്യാറല്ലാത്ത മര്‍വ തന്റെ ആറ് പെണ്‍മക്കളോടും രണ്ട് ആണ്‍മക്കളോടും ഒപ്പം നൂറുകണക്കിന് മൈലുകള്‍ അകലെയുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. തന്നെയും കുട്ടികളെയും മുന്‍ഭര്‍ത്താവ് കണ്ടുപിടിക്കുമോ എന്ന ഭയത്തിലാണ് ഇപ്പോള്‍ മര്‍വ കഴിയുന്നത്. മുന്‍ ഭരണകൂടമുണ്ടായിരുന്ന സമയത്ത് വിവാഹമോചന നിരക്കുകള്‍ വര്‍ധിച്ചിരുന്നു. പ്രത്യേകിച്ച് വനിതാ ജഡ്ജിമാരുടേയും അഭിഭാഷകരുടേയും അടുത്ത് ചെല്ലാന്‍ സ്ത്രീകള്‍ക്ക് ഭയം കുറവായിരുന്നു. നേരത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം താലിബാന്‍ തടഞ്ഞിരുന്നു.