റോളക്സ് വാച്ചിന് വേണ്ടി യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി കൊലപ്പെടുത്തിയ യുവതികള്‍ അറസ്റ്റില്‍
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് കോടീശ്വരന് ആണെന്ന തെറ്റിദ്ധാരണയില്‍ യുവതികള്‍ അയാളെ കൊലപ്പെടുത്തി. സൗള്‍ മുറെയുടെ 33 കാരന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പോലീസിനെ ഹണിട്രാപ്പിലേക്കും അതിലൂടെ സൗളിന്റെ കൊലപാതകത്തിലേക്കും നയിച്ച കാരണം കണ്ടെത്തിയത്. സുര്‍പ്രീത് ടെമിഡയോ എന്നി യുവതികളാണ് പിടിയിലായത്. ബെഡ്ഫോര്‍ഡ്ഷെയറിലെ ലൂട്ടണ് നിവാസിയായ സൗളിനെ അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്മെന്റിന്റെ പ്രവേശന കവാടത്തില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൗളിന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഫെബ്രുവരി 27 ന് പുലര്‍ച്ചെ സുര്‍പ്രീതും ടെമിഡയോയും അപ്പാര്‍ട്ട്മെന്റ് പരിസരത്ത് നിന്ന് പുറത്തുപോകുന്ന വീഡിയോ ലഭിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് അത്യാഗ്രഹത്തിന്റെയും ഹണി ട്രാപ്പിംഗിന്റെ കഥ പുറം ലോകമറിഞ്ഞത്.
തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സോളിന്റെ കൈയിലുണ്ടായിരുന്ന രണ്ട് റോളക്സ് വാച്ചുകള്‍ മോഷ്ടിക്കാനായിരുന്നു കൊല നടത്തിയതെന്ന് ഇവര്‍ സമ്മതിച്ചത്. എന്നാല്‍ ഈ രണ്ട് റോളക്സ് വാച്ചുകളും പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു. സാമൂഹിക മാധ്യമം വഴിയാണ് സുര്‍പ്രീത്, ടെമിഡയോ എന്നീ സ്ത്രീകളെ സൌള് പരിയചപ്പെടുന്നത്. സൌഹൃദം കൂടുതല്‍ അടുപ്പത്തിലേക്ക് വളരാന്‍ അധിക കാലമെടുത്തില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു. തുടര്‍ന്ന് ഇരുവരും ലണ്ടനില്‍ നിന്ന് ലൂട്ടണിലേക്ക് വരികയും സൌളിന്റെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് മൂന്ന് പേരും തമ്മില്‍ കണ്ടുമുട്ടുകയും ചെയ്തു. സുര്‍പ്രീതും ടെമിഡയോയും സൌളിന്റെ അപ്പാര്‍ട്ട്മെന്റിലെത്തിയപ്പോള്‍ അവരുടെ രണ്ട് കൂട്ടാളികള്‍ ക്ലിയോണ് ബ്രൗണ്‍ ( 29 )ഇക്രം അഫിയ ( 31) എന്നിവര്‍ താഴെ കാര്‍പ്പോര്‍ച്ചില്‍ കാത്ത് നിന്നു.
പോലീസ് ചോദ്യം ചെയ്യലില്‍ മൂന്ന് പേരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ സൌളിന് ബ്രാണ്ടിയില് ജിഎച്ച്ബി അഥവാ യെമ്മ ഹൈഡ്രോക്സിബ്യൂട്ടൈറേറ്റ് എന്ന ഡേറ്റ് റേപ്പ് മയക്കുമരുന്ന് നല്‍കിയെന്ന് സുര്‍പ്രീത് കുറ്റസമ്മതം നടത്തി. പ്രതികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിന്ന് സുര്‍പ്രീതും ടെമിഡയോയും സൌളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍, മയക്ക് മരുന്നിന് സൌളിനെ പൂര്‍ണ്ണമായും മയക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് താഴെ കാത്ത് നിന്നിരുന്ന തങ്ങളുടെ കൂട്ടാളികളെ വിളിച്ച് വരുത്തി. ഇതില്‍ ഇക്രം അഫ്രിയ സൌളിനെ കത്തികൊണ്ട് കുത്തി കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കുന്നതിനിടെ സ്ത്രീകള്‍ സൌളിന്റെ അപ്പാര്‍ട്ട്മെന്റ് പരിശോധിക്കുകയും റോളക്സ് വാച്ചുകളുമായി കടക്കുകയുമായിരുന്നു. അവര്‍ എടുത്ത റോളക്സ് വാച്ചുകള്‍ വ്യാജമായിരുന്നു. മാത്രമല്ല അയാളുടെ അപ്പാര്‍ട്ട്മെന്റില്‍ വില പിടിപ്പുള്ളതൊന്നും ഇല്ലായിരുന്നു. ഈ സ്ത്രീകള്‍ക്ക് നേരെ നേരത്തെയും ഹണി ട്രപ്പ് കുറ്റം ആരോപിക്കപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.