ആറ്റുകാല്‍ പൊങ്കാലക്കിടെ തലസ്ഥനത്ത് ഗുണ്ടാ ആക്രമണം ; പ്രമുഖ ഗുണ്ടാ ലുട്ടാപ്പി സതീഷിനെ വെട്ടി
പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്താണ് ആക്രമണം നടന്നത്. ഇന്നോവ കാറിലെത്തിയ സംഘമാണ് ലുട്ടാപ്പി സതീഷിനെ വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. മാരകമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സതീഷിന്റെ മുന്‍ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ഇന്ന് നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
ഫെബ്രുവരിയില്‍ സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. കാപ്പാ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഒളിവില്‍ കഴിഞ്ഞിരുന്നവര്‍, വിവിധ കേസിലെ വാറണ്ട് പ്രതികള്‍, നല്ലനടപ്പിന് ബോണ്ടു വച്ചിട്ടും ലംഘിച്ചവര്‍ തുടങ്ങി നിരവധി ഗുണ്ടകളെ പിടികൂടി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരത്തായിരുന്നു ഏറ്റവും കൂടുതല്‍ ഗുണ്ടളെ പിടിച്ചത്, 333 പേര്‍.റൗഡി പട്ടികയില്‍പ്പെട്ടവരുടെ ചിത്രങ്ങളും വിരല്‍ അടയാളങ്ങളും ശേഖരിച്ചിരുന്നു. കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പലരെയും ജാമ്യത്തില്‍ വിട്ടയച്ചു. സംസ്ഥാന വ്യാപകമായി ഡേറ്റാ ബാങ്ക് തയ്യാറാക്കുക കൂടിയായിരുന്നു പൊലീസിന്റെ ലക്ഷ്യം. അതിനിടെയാണ് കേരളത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ പൊങ്കാലയ്ക്ക് ഇടയില്‍ ഗുണ്ടാ ആക്രമണം ഉണ്ടായത്.