ലൈംഗിക ഉത്തേജനത്തിനായി രണ്ട് വയാഗ്ര ഗുളികകള്‍ ഒരുമിച്ചു കഴിച്ച 41കാരനു ദാരുണാന്ത്യം
ലൈംഗിക ഉത്തേജനത്തിനായി രണ്ട് വയാഗ്ര ഗുളികകള്‍ ഒരുമിച്ചു കഴിച്ച 41കാരന് മരിച്ചു. വനിതാ സുഹൃത്തുമായി ഹോട്ടലിലെത്തിയ യുവാവ് 50 മില്ലിഗ്രാമിന്റെ രണ്ട് വയാഗ്ര ടാബ്ലെറ്റ് കഴിച്ചു. കൂടെ മദ്യവും കുടിച്ചു. അടുത്ത ദിവസം ദേഹാസ്വാസ്ഥ്യം തോന്നുകയും ഛര്‍ദിക്കുകയും ചെയ്തു. ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വൈദ്യ സഹായം തേടാമെന്ന് പറഞ്ഞു. എന്നാല്‍ തനിക്ക് ഇങ്ങനെ ഉണ്ടാകാറുണ്ടെന്ന് പറഞ്ഞ് ആവശ്യം നിരസിച്ചു. നില വഷളാകാന്‍ തുടങ്ങിയപ്പോള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു.
തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണം കുറയുന്ന സെറിബ്രോവാസ്കുലര്‍ രക്തസ്രാവം മൂലമാണ് മരണമെന്നാണ് പഠനത്തില്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ 300 ഗ്രാം രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. മദ്യത്തിന്റെയും മരുന്നുകളുടെയും മിശ്രിതവും നേരത്തെയുണ്ടായിരുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഡോക്ടറുടെ ഉപദേശം കൂടാതെ ഉദ്ധാരണക്കുറവിനുള്ള മരുന്ന് കഴിക്കരുതെന്നാണ് പഠനത്തിലൂടെ പകരുന്ന സന്ദേശമെന്ന് വിദഗ്ധര്‍ പറയുന്നു.
നാഗ്പൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഒരു ഹോട്ടലില്‍ 25 കാരന് വയാഗ്ര അമിത അളവില്‍ കഴിച്ചതിനെ തുടര്‍ന്ന് മരിച്ചത് കഴിഞ്ഞ ജുലൈയിലാണ്. പങ്കാളിയുമായി ഹോട്ടല്‍ മുറിയില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ കുഴഞ്ഞുവീണാണ് അജയ് പര്‍തേകി എന്ന യുവാവ് മരിച്ചത്. പങ്കാളി സുഹൃത്ത് വഴി പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. പൊലീസ് പരിശോധനയില്‍ ദേഹത്ത് പരിക്കുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. അജയിന്റെ പോക്കറ്റില്‍ നിന്ന് വയാഗ്ര പാക്കറ്റ് കണ്ടെത്തിയിരുന്നു.ജേണല്‍ ഓഫ് ഫോറന്‍സിക് ആന്‍ഡ് ലീഗല്‍ മെഡിസിന്റെ പഠനറിപ്പോര്‍ട്ട് ഉദ്ധരിച്ച് news.au.com ആണ് വാര്‍ത്ത ഇപ്പോള്‍ പുറത്തുവിട്ടത്.