സ്വത്ത് പെണ്‍മക്കള്‍ക്ക് ലഭിക്കാന്‍ വീണ്ടും വിവാഹം ; ഷുക്കൂര്‍ വക്കീലിനെതിരെ ഭീഷണിയുമായി ഫത്വ കൗണ്‍സില്‍

വാര്‍ത്തകളില്‍ നിറഞ്ഞ ഒരു രണ്ടാം വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. സിനിമാ താരവും അഭിഭാഷകനുമായ പി ഷുക്കൂര്‍ മഞ്ചേശ്വരം ലോ ക്യാംപസ് ഡയറക്ടറും എംജി സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറുമായ ഭാര്യ ഷീന ഷുക്കൂറിനെ സ്പെഷ്യല്‍ മാര്യേജ് നിയമ പ്രകാരം വീണ്ടും വിവാഹം ചെയ്തത് ആണ് വാര്‍ത്തകള്‍ക്ക് ആധാരമായത്. മലയാളികള്‍ ഒന്നടങ്കം കയ്യടിച്ച ആ വിവാഹം കണ്ടു ചിലര്‍ക്കൊക്കെ കുരു പൊട്ടി എന്നതും സത്യമാണ്. ഫത്വ കൗണ്‍സില്‍ ഇപ്പോള്‍ കല്യാണത്തിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. വിവാഹത്തിന് എതിരെയാണ് ഫത്വ കൗണ്‍സില്‍ ഇപ്പോള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഷുക്കൂര്‍ തന്നെയാണ് ഫേസ്ബുക്ക് വഴി ഭീഷണി കുറിപ്പ് പുറത്തുവിട്ടത്. ഇന്നു രാവിലെ 10.15ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ചായിരുന്നു വിവാഹം.

വക്കീല്‍ നടത്തിയത് നാടകമെന്നാണ് ഫത്വ കൗണ്‍സിലിന്റെ വിമര്‍ശനം. ഇസ്ലാം മത വിശ്വാസിയെന്ന് അവകാശപ്പെടുന്നയാള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത് വിരോധാഭാസമാണ്. വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികള്‍ പ്രതിരോധിക്കുമെന്നും കൗണ്‍സില്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. എന്നാല്‍ താന്‍ അക്രമിക്കപ്പെട്ടാല്‍ ഉത്തരവാദിത്വം പ്രതിരോധിക്കാന്‍ ആഹ്വാനം നടത്തിയവര്‍ക്ക് ആയിരിക്കുമെന്ന് ഷുക്കൂര്‍ വക്കീല്‍ പ്രതികരിച്ചു.

‘ഇസ്ലാമിലെ അനന്തരാവകാശ നിയമമനുസരിച്ച് മരണപ്പെട്ട പിതാവിന് പെണ്‍മക്കള്‍ മാത്രമാണെങ്കില്‍ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗമേ ലഭിക്കൂ. ശേഷിക്കുന്നത് പിതാവിന്റെ സഹോദരി സഹോദരന്മാര്‍ക്കിടയില്‍ വിഭജിക്കണം. ഈ വ്യവസ്ഥ മറികടക്കാനും സ്വത്തില്‍ നിന്ന് ഒരംശം പോലും തന്റെ സഹോദരന്മാര്‍ക്ക് ലഭിക്കരുതെന്ന സങ്കുചിത ചിന്തയുമാണ് വക്കീലിനെ പുതിയ വിവാഹത്തിന് നിര്‍ബന്ധിക്കുന്നത്. സാമ്പത്തിക വ്യവസ്ഥിതിയെ സംബന്ധിച്ച് ഇസ്ലാം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളെ സമഗ്രമായി മനസിലാകാത്തതിന്റെ ദുരന്തമാണ് ഇത്തരം ആലോചനകള്‍. നമ്മുടെ സ്വത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. അതിന്റെ സമ്പാദനവും വിനിയോഗവുമെല്ലാം അവന്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് മാത്രമേ നടത്താവൂ.

സ്രഷ്ടാവില്‍ വിശ്വസിക്കുകയും അവന്റെ നിയമങ്ങളുടെ പൂര്‍ണത അംഗീകരിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതില്‍ ഒട്ടും പരിഭവമുണ്ടാകില്ല. ധന സമ്പാദനവും വിനിയോഗവുമെല്ലാം തന്നിഷ്ടം പോലെയാകാം എന്ന ദുര്‍ചിന്തയോ മരണാനന്തരം തന്റെ സമ്പാദ്യം താന്‍ ഇച്ഛിക്കും പോലെ വിഭജിക്കണം എന്ന ദുര്‍വാശിയോ അവര്‍ക്കുണ്ടാകില്ല എന്നൊക്കെയാണ് കുറിപ്പില്‍ ഉള്ളത്. തനിക്കെതിരെ ആരെങ്കിലും ആക്രമണത്തിനു ശ്രമിച്ചാല്‍ ഈ പ്രസ്താവന പുറപ്പെടുവിച്ചവര്‍ മാത്രമായിരിക്കും പൂര്‍ണ ഉത്തരവാദികളെന്നും ഷുക്കൂര്‍ വക്കീല്‍ കുറിച്ചു. നിയമപാലകര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന ഓര്‍മപ്പെടുത്തലും കുറിപ്പിലുണ്ട്.

‘പടച്ചവന്‍ അനുഗ്രഹിക്കട്ടെ. എല്ലാ മനുഷ്യരെയും തുല്യരായി കാണുവാന്‍ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ. മതനിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകര്‍ക്കാനും ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ. ‘പ്രതിരോധം’ എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാള്‍ എന്നെ കായികമായി അക്രമിക്കുവാന്‍ തുനിഞ്ഞാല്‍ അതിന്റെ പൂര്‍ണമായ ഉത്തരവാദികള്‍ ഈ സ്റ്റേറ്റ്‌മെന്റ് ഇറക്കിയവര്‍ മാത്രമായിരിക്കും. നിയമപാലകര്‍ ശ്രദ്ധിക്കുമെന്നു കരുതുന്നു. സ്‌നേഹം’ – ഷുക്കൂര്‍ കുറിച്ചു.