പിണറായിക്ക് എതിരെ യുദ്ധം തുടര്‍ന്ന് സ്വപ്ന ; എംവി ഗോവിന്ദന്‍ വധഭീഷണി മുഴക്കി എന്ന് ആരോപണം
പിണറായിയെ മാത്രമല്ല സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിനെ മൊത്തത്തില്‍ പ്രതിരോധത്തിലാക്കി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെയടക്കം ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. 30 കോടിയാണ് വാഗ്ദാനം ചെയ്തത്. തെളിവ് കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ലൈവ് വീഡിയോയില്‍ ആരോപണം ഉന്നയിച്ചു. മൂന്ന് ദിവസം മുമ്പ് കണ്ണൂരില്‍ നിന്നും വിജയ് പിള്ള എന്നയാള്‍ വിളിച്ചു. ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത്. കേസ് സെറ്റില്‍ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു.
ബെഗ്ലൂരു വിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ താന്‍ പോകണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം. താന്‍ കള്ളം പറഞ്ഞെന്ന് പൊതു സമൂഹത്തോട് പറയണം. തെളിവുകളെല്ലാം കൈമാറണം. കള്ളപാസ്‌പോര്‍ട്ട് ഉണ്ടാക്കി തന്ന് മലേഷ്യയിലേക്ക് മാറാന്‍ എല്ലാ സഹായവും ചെയ്യാമെന്ന് പറഞ്ഞു. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നെ തീര്‍ത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജയ് പിള്ള തന്നോട് പറഞ്ഞത്. യുഎഇയില്‍ വെച്ച് യൂസഫലിയെ ഉപയോഗിച്ച് എനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നും വിജയ് പിള്ള ഭീഷണിപ്പെടുത്തി. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് എന്നെ അകത്താക്കാന്‍ യൂസഫലിക്ക് എളുപ്പമെന്നും അയാള്‍ പറഞ്ഞു.
ഒത്ത് തീര്‍പ്പിന് വഴങ്ങുമെന്ന് പിണറായി വിജയന്‍ കരുതരുത്. എന്തു വന്നാലും പിണറായി വിജയനെതിരായ വിവരങ്ങള്‍ സത്യങ്ങള്‍ പുറത്ത് കൊണ്ടുവരും. മുഖ്യമന്ത്രിയും കുടുംബവും എന്നെ ഉപയോഗപ്പെടുത്തി. ഇനിയതിന് കഴിയില്ലെന്നും സ്വപ്ന പറഞ്ഞു. ണ്ണൂര്‍ സ്വദേശിയായ വിജയ് പിള്ളയാണ് (വിജേഷ് പിള്ള) ഇടനിലക്കാരനായി എത്തിയതെന്നും വെളിപ്പെടുത്തിയ സ്വപ്ന, കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ഫോണ്‍വിളികളുടെയും ചാറ്റുകളുടെയും വിവരങ്ങളും പുറത്തുവിട്ടു. എന്നാല്‍ സ്വപ്ന പറഞ്ഞ ഇടനിലക്കാരന്റെ പേര് വിജയ് പിള്ളയല്ല, വിജേഷ് പിള്ളയെന്നാണ് പുറത്തുവരുന്ന വിവരം. വിജേഷ് ബെംഗളൂരു ആസ്ഥാനമായി ഡബ്ല്യുജിഎന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സിഇഒ ആണ്. ഇതേ കമ്പനിയാണ് പുതിയ ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ ആക്ഷന്‍ ഒടിടി എന്ന സ്ഥാപനവും രണ്ടുവര്‍ഷം മുന്‍പ് തുടങ്ങിയത്. ഇയാള്‍ എറണാകുളം സ്വദേശയാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
സ്വര്‍ണക്കടത്തുകാരിയായാണ് താന്‍ അറിയപ്പെടുന്നത്. അതിലൊന്നും പങ്കാളിയല്ലാതിരുന്നിട്ടും വലിച്ചിഴക്കപ്പെട്ടു. എല്ലാം എന്റെ തലയില്‍ വയ്ക്കാന്‍ ജയിലില്‍ അടച്ചു. ജയിലില്‍ ട്രാപ്പ് ചെയ്യപ്പെട്ടു. വിവിധ തരത്തിലുള്ള വോയ്സ് ക്ലിപ്പുകള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ശിവശങ്കറിന്റെ യഥാര്‍ത്ഥ മുഖം മനസ്സിലാക്കിയശേഷമാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇ ഡി അന്വേഷണത്തില്‍ സത്യം പുറത്തു വരുമെന്ന് വിശ്വാസമുണ്ട്. വിജയ് പിള്ള ബെംഗളൂരുവിലെ ഹോട്ടല്‍ ലോബിയില്‍വച്ചു സംസാരിച്ചപ്പോള്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചു. ഒരാഴ്ച സമയം തരാം മക്കളുമായി ഹരിയാനയിലോ ജയ്പുരിലോ മാറണമെന്ന് ആവശ്യപ്പെട്ടു. ജീവിക്കാന്‍ എല്ലാ സൗകര്യവും തരാമെന്നും പറഞ്ഞു.
കര്‍ണാടക ഡിജിപിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്കും ഈ വിവരം കൈമാറിയിട്ടുണ്ട്. ഒടുക്കം കാണാതെ ഇതു നിര്‍ത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പിണറായി വിജയനോട് വ്യക്തമായും പറയുന്നു. ജീവനുണ്ടെങ്കില്‍ നിങ്ങളുടെ മകളുടെ എല്ലാ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് എല്ലാ വിവരങ്ങളും പുറത്തുവിടും. വിജയ് പിള്ളയ്ക്ക് ഇ ഡി സമന്‍സ് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയാറല്ല. അവസാനശ്വാസം വരെ പൊരുതും. എന്നെ കൊല്ലണമെങ്കില്‍ എം വി ഗോവിന്ദന് നേരിട്ട് വന്ന് ചെയ്യാം. എന്നെ കൊന്നാലും എന്റെ കുടുംബവും വക്കീലും ഈ കേസുമായി മുന്നോട്ടുപോകും. എനിക്ക് 30 കോടിയും 100 കോടിയും ആവശ്യമില്ല. ബെംഗളൂരുവില്‍നിന്ന് പോകാന്‍ സാധിക്കില്ല. ഫേസ്ബുക്കില്‍ വരുന്നു എന്ന് മലയാളത്തില്‍ എഴുതിയത് മകളാണ്. എനിക്ക് മലയാളം എഴുതാന്‍ അറിയില്ല”- സ്വപ്ന പറഞ്ഞു.