ആണ്‍കുട്ടി എന്ന് കരുതി പെണ്‍കുട്ടിയെ മര്‍ദിച്ച യുവാക്കള്‍ പിടിയില്‍ ; സംഭവം പോത്തന്‍കോട്

തിരുവനന്തപുരം : പോത്തന്‍കോട് ചേങ്കോട്ടുകോണത്ത് ആണ്‍കുട്ടിയാണെന്ന് കരുതി പെണ്‍കുട്ടിക്ക് നേരെ ആക്രമണം. ചേങ്കോട്ടുകോണം എസ്.എന്‍ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആണ് നാലംഗസംഘം മര്‍ദ്ദിച്ചത്. വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലെത്തിയ സംഘം പെണ്‍കുട്ടിയെ കടന്നുപിടിച്ചു മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. ബൈക്കിലെത്തിയ സംഘം ആണ്‍കുട്ടിയാണെന്ന് തെറ്റിധരിച്ച് കുട്ടിയുമായി തര്‍ക്കമുണ്ടാകുകയും മര്‍ദിക്കുകയുമായിരുന്നു.

പിന്നീടാണ് പെണ്‍കുട്ടിയാണെന്ന് സംഘം തിരിച്ചറിയുന്നത്. ഉടന്‍തന്നെ ഇവര്‍ ബൈക്കുമായി കടന്നു കളയുകയായിരുന്നുവെന്ന് പോത്തന്‍കോട് പോലീസ് പറഞ്ഞു. ബൈക്കുകളുടെ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെ ആക്രമിച്ച നാല് പ്രതികളേയും പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാക്കള്‍ സദാചാര ആക്രമണമാണ് നടത്തിയത് എന്ന് സംശയിക്കുന്നു. കൂട്ടുകാരികള്‍ക്കൊപ്പം നടന്ന സമയത്താണ് പെണ്‍കുട്ടിക്ക് മര്‍ദ്ദനം ഏറ്റത്.