ചുട്ടുപൊള്ളി സംസ്ഥാനം ; തിരുവനന്തപുരത്തു 54 ഡിഗ്രിവരെ ചൂട് കൂടുതല്‍
തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍ ചൂട് കൂടുന്നു. ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച താപസൂചിക അറിഞ്ഞാല്‍ ആരായാലും വിയര്‍ക്കും . അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും (ആര്‍ദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). ഇതുപ്രകാരം കേരളത്തില്‍ കോഴിക്കോടും തിരുവനന്തപുരത്തും കൊടും ചൂടാണ് അനുഭവപ്പെടുന്നത്. കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളിലും കോട്ടയത്തും ചിലയിടങ്ങളില്‍ 54 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് അനുഭവപ്പെടുന്നു.
തിരുവനന്തപുരം ജില്ലയില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മലയോരമേഖലകളിലില്‍ ചൂട് 54 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര, പാറശാല പ്രദേശങ്ങളില്‍ 50നും -54നും ഡിഗ്രി സെല്‍ഷ്യസിന് ഇടയിലേക്കാണ് ചൂട് ഉയര്‍ന്നിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലും സമാന നിലയിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്. ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലായിടത്തും ഹീറ്റ് ഇന്‍ഡക്‌സ് 40 നും 45നും ഇടയിലാണ്. ആലപ്പുഴയിലും 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്. അനുഭവഭേദ്യമാകുന്ന ചൂടിനെ സൂചിപ്പിക്കാന്‍ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു. തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആര്‍ദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോള്‍ ചൂട് മൂലമുള്ള അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നു.