പുക മാത്രമല്ല മാലിന്യ ചവറില്‍ മുങ്ങി കൊച്ചിയുടെ നിരത്തുകള്‍
പുകക്ക് പിന്നാലെ മാലിന്യ കൂമ്പാരമായി കൊച്ചിയുടെ നിരത്തുകള്‍. തീ കാരണം ബ്രഹ്മപുരത്തേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെയാണ് കൊച്ചിയുടെ നിരത്തുകളില്‍ മാലിന്യം കുമിഞ്ഞു കൂടുന്നത്. റോഡരികില്‍ പല ഇടങ്ങളിലും മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ദുര്‍ഗന്ധം മൂലം വഴിയാത്രക്കാര്‍ക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥ. മാലിന്യ നീക്കം ഉടന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ അതീവ ഗുരുതര മാകും കൊച്ചിയിലെ സ്ഥിതി. കൊച്ചിയില്‍ മാലിന്യ നീക്കം നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടതോടെയാണ് റോഡരികുകള്‍ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞത്. വൈറ്റില, ചക്കരപറമ്പ്, തമ്മനം, കലൂര്‍ തുടങ്ങി കോര്‍പറേഷന്‍ പരിധിയിലെ മിക്ക റോഡുകളിലും സമാന സ്ഥിതിയാണ്.
വീടുകളില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് റോഡരികില്‍ തള്ളുന്നത്. പലതും പുഴുവരിച്ച നിലയിലാണ്. കവറുകള്‍ പൊട്ടി മാലിന്യം റോഡിലേക്ക് ഒഴുകുന്നുണ്ട്. വഴിയാത്രക്കാര്‍ക്ക് റോഡില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ. മാലിന്യ നീക്കം പുനസ്ഥാപിക്കാന്‍ അമ്പലമേട് സ്ഥലം കണ്ടെത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ട് ദിവസങ്ങള്‍ ആയെങ്കിലും ഒന്നുമായില്ല. മാലിന്യം തള്ളാനുള്ള സ്ഥലം കണ്ടെത്തിയിട്ടില്ലെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. അതേസമയം എട്ടാം ദിവസവും പുക അണഞ്ഞിട്ടില്ല. അര്‍ധരാത്രി തുടങ്ങിയ പുകമൂടല്‍ ഇപ്പോഴും തുടരുന്നു. ബ്രഹ്മപുരത്തെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെയാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. മാലിന്യം ഇളക്കാന്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്.
പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധിയാണ്. കൊച്ചി കോര്‍പ്പറേഷന്‍, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് – പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.എന്നാല്‍ പത്താം ക്ലാസ് പരീക്ഷകള്‍ നടക്കുന്നത് വിദ്യാര്‍ത്ഥികളെ ദുരിതത്തില്‍ ആക്കിയിട്ടുണ്ട്. മാര്‍ച്ച് 2ന് വൈകുന്നേരം 4.30 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ അവ എവിടെ നിക്ഷേപിക്കും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഇല്ല.