സ്വവര്‍ഗ വിവാഹം; ഇന്ത്യന്‍ കുടുംബ കാഴ്ചപ്പാടിന് യോജിച്ചതല്ല നിയമസാധുത നല്‍കരുതെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത തേടിയുള്ള ഹര്‍ജികള്‍ തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭര്‍ത്താവ്, ഭാര്യ, അവരില്‍ ഉണ്ടാകുന്ന കുട്ടികള്‍ എന്ന ഇന്ത്യന്‍ കുടുംബ കാഴ്ചപ്പാടിന് സമാനമല്ല സ്വവര്‍ഗ വിവാഹമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും.
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കുന്നത് വലിയ സങ്കീര്‍ണ്ണതകള്‍ക്ക് വഴിവച്ചേക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരേ ലിംഗത്തില്‍പ്പെടുന്നവരുടെ വിവാഹം അംഗീകരിക്കുന്നതും, രജിസ്റ്റര്‍ ചെയ്യുന്നതിനും അപ്പുറം ആണ് കുടുംബപരമായ വിഷയങ്ങള്‍ എന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സ്വവര്‍ഗ ബന്ധം ക്രിമിനല്‍ കുറ്റമല്ലെങ്കിലും, വിവാഹത്തിന് നിയമ സാധുത നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഒരേ ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹത്തിനു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജികള്‍ തിങ്കളാഴ്ച്ച സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.