ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നുഅന്ത്യം. കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്.

കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

ശരീരഭാഷയും വ്യത്യസ്തമായ സംഭാഷണശൈലിയുമായിരുന്നു ഇന്നസെന്റിന്റെ കരുത്ത്. വര്‍ഷങ്ങളോളം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ലോക്‌സഭയിലെത്തി.