ഓസ്ട്രിയയിലെ ക്‌നാനായ കത്തോലിക്ക സമൂഹം ഈസ്റ്റര്‍ ആലോഷിച്ചു
വിയന്ന: ഓസ്ട്രിയയിലെ ക്‌നാനായ സമൂഹത്തിന്റെ ഈസ്റ്റര്‍ ആഘോഷം വിയന്നയിലെ പുരാതനമായ ആള്‍ട്മാന്‍സ്‌ഡോര്‍ഫെര്‍ ദേവാലയ ഹാളില്‍ ആഘോഷിച്ചു. സ്‌നേഹവും, സാഹോദര്യവും, സമുദായത്തനിമയും പങ്കുവെച്ചു സംഘടിപ്പിച്ച ആഘോഷം ഓസ്ട്രിയയില്‍ ജീവിക്കുന്ന, ക്‌നാനായ കുടുബങ്ങളുടെ സംഗമം കൂടിയായി.
ജര്‍മനിയില്‍നിന്നും, സ്വിറ്റ്‌സര്‍ലണ്ടില്‍നിന്നും, നോര്‍വെയില്‍ നിന്നും എത്തിയ ക്‌നാനായ കുടുംബങ്ങള്‍ആഘോഷത്തില്‍ പങ്കെടുത്തു. വിയന്നയില്‍ സേവനത്തിനായി എത്തിയ, സി. നോയല്‍ അത്താണിക്കലിനെ (SRA- Missionary Sisters of the Queen of the Apostles) ക്‌നാനായ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു.
ഈസ്റ്റര്‍ പ്രത്യാശയുടെയും, പ്രതീക്ഷയുടെയും ഓര്‍മ്മപ്പെടുത്തല്‍ തിരുനാള്‍ ആണെന്നും, പ്രശ്‌നങ്ങളില്ലാത്തവരല്ല ജീവിതത്തില്‍ വിജയിച്ചവര്‍, മറിച്ച്, പ്രശ്‌നങ്ങളെ അതിജീവിച്ചവരാണെന്നും, ഉദ്ധിതനായ യേശവിന്റെ പ്രകാശത്തില്‍ ജീവിക്കാനും, ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും സാധിക്കട്ടെഎന്നും വിശിഷ്ട അതിഥിയായി പങ്കെടുത്ത സി. നോയല്‍ ആശംസിച്ചു.
യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്നും, യേശു ജീവിച്ചിരിക്കുന്നുവെന്നും സ്വന്തം ജീവിതത്തിലൂടെ ലോകത്തോട് പ്രഖ്യാപിക്കാനും, അതിന് സാക്ഷ്യം നല്‍കാനും ഓരോരുത്തര്‍ക്കും സാധിക്കട്ടെയെന്നും ഈസ്റ്റര്‍ സന്ദേശത്തില്‍ കപ്ലാന്‍ ഫാദര്‍ ഡിന്‍ടോ ജോസ് പ്ലാക്കല്‍ പറഞ്ഞു.
വിയന്നയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ എത്തിയ മാതാപിതാക്കളുടെയും, ക്‌നാനായ പൂര്‍വികരുടെയും, അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും വിലയാണ് പുതിയ തലമുറ അനുഭവിക്കുന്ന സമൃദ്ധിയും, സ്‌നേഹകൂട്ടായ്മയും വെളിപ്പെടുത്തതെന്നു യുവജനങ്ങള്‍ക്കുവേണ്ടി സ്റ്റീന വടക്കുംചേരിയും, മാതൃകാപരമായി തങ്ങളെ വളര്‍ത്തി പരിപാലിക്കുന്ന എല്ലാ മതാപിതാക്കള്‍ക്കും, മുത്തശ്ശന്മാര്‍ക്കും മുത്തശ്ശിമാര്‍ക്കും സമാധാനവും ഐശ്വര്യവും നേര്‍ന്നുകൊണ്ട് ക്‌നാനായ ക്ലബ്ബിലെ കൊച്ചുമക്കളും ആശംസകള്‍ അറിയിച്ചു.
യുവജനങ്ങളും കിഡ്‌സ് ക്ലബ് കുരുന്നുകളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും, പഴംപാട്ടിന്റെ ഈരടികള്‍കൊണ്ടും ആവേശം നിറഞ്ഞ സ്‌നേഹ കൂട്ടായ്മയില്‍ കലാപരിപാടിയില്‍ പങ്കെടുത്തവര്‍ക്കും മത്സരഇനങ്ങളില്‍ ജയിച്ചവര്‍ക്കും സമ്മാനം നല്‍കി. യുവജന വിഭാഗം അവതരിപ്പിച്ച റീമിക്‌സ് നൃത്തം ഏറെ ശ്രദ്ധേയമായി. ആഘോഷ പരിപാടികള്‍ വിജയിപ്പിക്കാന്‍ 2023-ലെ സെന്റ് കുര്യാക്കോസ് ടീമിന്റെ ശ്രമം അഭിനന്ദനാര്‍ഹമായി.
ഈസ്റ്റര്‍ ദിനത്തില്‍ ഒത്തുകൂടിയ എല്ലാവര്‍ക്കും ഓസ്ട്രിയയിലെ ക്‌നാനായ കത്തോലിക് കമ്മ്യൂണിറ്റിയുടെ (AKCC) പ്രസിഡന്റ് എബ്രഹാം കുരുട്ടപറമ്പില്‍ സ്വാഗതവും ആശംസിച്ചു. സെക്രട്ടറി നദീന പുത്തന്‍പുരയില്‍ കോറുമഠം നന്ദി രേഖപ്പെടുത്തി. ജോനാ തറമംഗലവും, നിഖിത ഇടപ്പള്ളിചിറയിലും ചടങ്ങിന്റെ അവതാരകരായിരുന്നു. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ അവസാനിച്ചു.