മെയ്ദിനത്തില്‍ വിയന്നയില്‍ യുവപ്രസുദേന്തിമാരുടെ സാന്നിധ്യത്തില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷം
വിയന്ന: മെയ്ദിനത്തില്‍ രണ്ടാം തലമുറയില്‍ നിന്നുള്ള 56 പ്രസുദേന്തിമാരുമായി വി. യൗസേപ്പിതാവിന്റെ തിരുനാള്‍ വിയന്നയിലെ എസ്ലിംങിലുള്ള സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും. വിയന്നയില്‍ ജനിച്ചു വളര്‍ന്ന 56 യുവജനങ്ങള്‍ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധന്റെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാവും.
മെയ്ദിനത്തില്‍ രാവിലെ 10.30ന് ആഘോഷപരിപാടികള്‍ ആരംഭിക്കും. വി. കുര്‍ബാന, പ്രസുദേന്തിവാഴ്ച, പ്രദക്ഷിണം, ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാവിനോദ പരിപാടികള്‍ ഒപ്പം ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കും. നാട്ടില്‍ നിന്നെത്തിക്കുന്ന മുത്തുക്കുടകളും, വിശുദ്ധന്റെ തിരുസ്വരുപവും തിരുനാളിന് മലയാളതനിമ പകരും.
ആസ്പേര്‍ണ്‍ ഇടവക വികാരി ഫാ. റോബര്‍ട്ട് റയ്‌സ്, എസ്ലിങ് ഇടവക വികാരി ഫാ. ക്ലെമന്‍സ് ബോട്ടിഗ്, ഓസ്ട്രിയക്കാരായ മറ്റു ഇടവക ജനങ്ങളും തിരുനാളില്‍ പങ്കെടുക്കും. വിയന്നയില്‍ ജോലിചെയ്യുകയും പഠിക്കുകയും ചെയ്യുന്ന പതിനഞ്ചലിധികം മലയാളി വൈദികരും പങ്കെടുക്കും.
യുവജനങ്ങള്‍ ശേഖരിക്കുന്ന തുകയും തിരുനാളിലൂടെ ലഭിക്കുന്ന നേര്‍ച്ചതുകയും ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന് യൂത്ത് കോഓര്‍ഡിനേറ്റര്‍ ടിജി കോയിത്തറ പറഞ്ഞു.
എസ്ലിംങിലെ മലയാളി സമൂഹത്തോടൊപ്പം സിറോ മലബാര്‍ സമൂഹത്തിന്റെ വികാരി ഫാ. തോമസ് താണ്ടപ്പിള്ളിയും, ഫാ. വില്‍സണ്‍ മേച്ചേരിലും ഏവരെയും തിരുനാള്‍ ആഘോഷത്തിലേയ്ക്ക് ക്ഷണിച്ചു.
അഡ്രസ്: Eßlinger Hauptstraße 79, 1220 Wien