പൂഞ്ച് ഭീകരാക്രമണത്തിന് പിന്നില്‍ പാക് ബന്ധം?
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ പാക് ബന്ധം അന്വേഷിക്കുന്നു. ഏഴു ഭീകരര്‍ രണ്ടു സംഘങ്ങളായെത്തി ആക്രമണം നടത്തിയെന്നാണ് സൂചന. ഭീകരര്‍ക്കായി പൂഞ്ച് മേഖലയില്‍ വ്യാപക തിരച്ചിലാണ് സൈന്യം നടത്തുന്നത്.
ലഷ്‌കര്‍ ഇ തയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ട്. രജൗരിയില്‍ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തയ്ബ അനുഭാവമുള്ള നിരവധി പേരുണ്ടെന്നും, ഇവരുടെ സഹായം ഭീകരര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ വിലയിരുത്തുന്നു.
അതിനിടെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തിട്ടുണ്ട്. പൂഞ്ചിലെ ബാതാ- ദോരിയ വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനമേഖല സൈന്യം വളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
പൂഞ്ചില്‍ സൈനിക ട്രക്കിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചു സൈനികരാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള വനമേഖലയ്ക്ക് സമീപമാണ് ആക്രമണം നടന്നത്. ബിംബര്‍ ഗലിയില്‍ നിന്ന് പൂഞ്ചിലേക്ക് വരികയായിരുന്നു സൈനിക വാഹനം. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികന്‍ ചികിത്സയിലാണ്.